ഇന്ത്യയിൽ 5ജി നിലവിൽ വന്നെങ്കിലും കൂടുതൽ 5 ജി ബജറ്റ് ഫോണുകൾക്കായുള്ള കാത്തിരിപ്പിലാണ് പലരും. 12,000 രൂപ കൊടുത്താൽ ഒരു ബഡ്ജറ്റ് 5 ജി ഫോൺ ലഭിക്കുമെന്നും അത്തരം കൂടുതൽ ഫോണുകൾ ഇനിയും എത്തിയേക്കാമെന്നും പലരും കരുതുന്നു. ഉടൻ തന്നെ വിപണിയിൽ ഇവ എത്തുമെന്ന പ്രതീക്ഷയും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.
ഇതേക്കുറിച്ച് സെമികണ്ടക്ടർ നിർമാതാക്കളായ ക്വാൽകോം ന്യൂസ് 18 നോട് സംസാരിച്ചു. ജനറേറ്റീവ് എഐ ഉപയോഗപ്പെടുത്തിയിട്ടുള്ള മൊബൈൽ ചിപ്‌സൈറ്റ് നിർമിക്കുന്ന തിരക്കിലാണ് ഇപ്പോൾ കമ്പനിയെന്നും ഇന്ത്യയിൽ കൂടുതൽ 5 ജി ബജറ്റ് ഫോണുകൾ നിർമിക്കാനുള്ള സാധ്യതകൾ ഇല്ലാതായിട്ടില്ലെന്നും ഇതേക്കുറിച്ച് മറ്റ് കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള ചർച്ചകൾ നടത്തിവരികയാണെന്നും ക്വാൽകോം ഇന്ത്യയുടെ പ്രസിഡന്റ് സാവി സോയിൻ ന്യൂസ് 18 നോട് പറഞ്ഞു. രാജ്യത്ത് 5 ജി ഫോണുകളുടെ വിൽപന വർധിച്ചു വരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റ് 5 ജി ഫോണുകൾ അവതരിപ്പിക്കാൻ പല ബ്രാൻഡുകളും ആലോചിക്കുന്നതായാണ് തങ്ങൾ മനസിലാക്കുന്നതെന്നും സാവി സോയിൻ പറഞ്ഞു. ഷവോമി, റിയൽ മി തുടങ്ങിയ കമ്പനികൾ അവയിൽ ചിലതാണ്. ഈ ജനപ്രിയ ബ്രാൻഡുകളിൽ നിന്നും കൂടുതൽ 5 ജി ബജറ്റ് ഫോണുകൾ എത്തുന്നത് ആളുകൾ കാത്തിരിക്കുകയാണെന്നും രാജ്യത്തിന്റെ പല മുക്കിലും മൂലയിലും 5 ജി സേവനങ്ങൾ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
100 ദശലക്ഷത്തിലധികം 5 ജി ഉപയോക്താക്കൾ 5 ജി ഡാറ്റ പ്ലാനുകൾക്കായി പ്രീമിയം അടയ്ക്കുന്നില്ല. ഇവർക്ക് 4 ജി ഡാറ്റ പ്ലാനുകളിൽ നിന്നു തന്നെ അത് ലഭിക്കുമെന്നും സാവി സോയിൻ പറഞ്ഞു.
ചെറിയ ബജറ്റിൽ ഗുണനിലവാരമുള്ള ഫോണുകൾ വന്നാൽ സന്തോഷത്തോടെ തന്നെ 4 ജി നെറ്റ്‍വർക്കോ 5 ജി നെറ്റ്‍വർക്കോ ഉപയോഗിക്കാൻ സാധിക്കുന്ന 300 ദശലക്ഷത്തിലധികം ഫീച്ചർ ഫോൺ ഉപയോക്താക്കൾ ഇന്ത്യയിലുണ്ടെന്നും സാവി സോയിൻ കൂട്ടിച്ചേർത്തു.
ലാവാ ബ്ലെയ്സ് 5ജി (Lava Blaze 5G – 10,999), റെഡ്മി 12 5ജി / പോക്കോ എം6 പ്രോ (Redmi 12 5G/Poco M6 Pro) – വില 10999, 11999, ഇൻഫിനിക്സ് ഹോട്ട് 30 5ജി (Infinix Hot 30 5G – 12,499 രൂപ), സാസംങ് ഗ്യാലക്സി എം13 5ജി (Samsung Galaxy M13 5G – 13,999 രൂപ), വിവോ T2x (Vivo T2x – 13,999 രൂപ) തുടങ്ങിയ 5 ജി ബജറ്റ് സ്മാർട്ഫോണുകൾ ഇന്ന് വിപണിയിലുണ്ട്.