‘വൈബ്രന്റ് ഗുജറാത്തി’ന്റെ 20 വര്‍ഷങ്ങള്‍: നിക്ഷേപകരുടെ സ്വപ്‌ന ഇടമായി ഗുജറാത്ത് മാറിയതെങ്ങനെ?


വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് ഈ വര്‍ഷം 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തവണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പ് 2024 ജനുവരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. 2003ൽ അന്താരാഷ്ട്രതലത്തില്‍ 300 പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തതെങ്കില്‍ ഇന്ന് 135 രാജ്യങ്ങളില്‍ നിന്നുള്ള 1000 പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ആഗോള ഉത്പാദന സ്ഥാപനങ്ങളുടെ സ്വപ്‌നഭൂമിയാണ് ഇന്ന് ഗുജറാത്ത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് സംസ്ഥാനം. ശക്തമായ വ്യാവസായിക അടിത്തറയുള്ളതു കൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കൊണ്ടും അവശ്യസേവനങ്ങൾ വേഗത്തില്‍ ലഭ്യമാകുന്നതിനാലും ഇന്ന് സുപ്രധാന പദ്ധതികളെല്ലാം ഗുജറാത്തിലാണ് ലക്ഷ്യം വയ്ക്കുന്നത്. സെമികണ്ടക്ടറുകളുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ വന്‍ ശക്തിയായി മാറാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിനും ഗുജറാത്തിലാണ് തുടക്കമിടുന്നത്. യുഎസ് ആസ്ഥാനമാള്ള ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റ് കഴിഞ്ഞയാഴ്ച ഗുജറാത്തിലെ സാനന്ദില്‍ 2.75 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യയുടെ സെമി കണ്ടക്ടര്‍ ലക്ഷ്യത്തിനുകീഴില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്. മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി കൂടിയാണ് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചപ്പോഴാണ് കരാറിന് അന്തിമരൂപം നല്‍കിയത്.

കരാര്‍ ഒപ്പുവെച്ച് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതിക്കായവശ്യമായ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ വിട്ടു നല്‍കുകയും ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു.

2022 ജൂലായിലാണ് സെമി കണ്ടക്ടര്‍ നയം 2022-27 സംസ്ഥാനത്ത് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ തന്നെ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് എത്തിയത്. വേദാന്തയും ഫോക്‌സോണും സംയുക്തമായി സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ്, ഡിസ്‌പ്ലെ ഫാബ്രിക്കേഷന്‍ യൂണിറ്റ്, സെമി കണ്ടക്ടര്‍ അസംബ്ലിങ്, ടെസ്റ്റിങ് യൂണിറ്റുകള്‍ എന്നിവ തുടങ്ങുന്നതിന് കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തിന് നേട്ടമുണ്ടാക്കാന്‍ സഹായിച്ച നിരവധി ഘടകങ്ങളെ തുറന്നുകാട്ടുന്നതില്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മോദി നിര്‍ണായക പങ്കുവഹിച്ചു. അടിസ്ഥാന സൗകര്യങ്ങളില്‍ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനൊപ്പം ഇവിടുത്തെ ഭൂമി വില കുറഞ്ഞു നില്‍ക്കുന്നത് സര്‍ക്കാരിന്റെ എണ്ണമറ്റ ആനുകൂല്യങ്ങള്‍ നിക്ഷേപകര്‍ക്ക് തടസ്സമില്ലാതെ ലഭിക്കുന്നതുമെല്ലാം നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇതിനെല്ലാം പുറമെ വളരെ തുച്ഛമായ വിലയ്ക്ക് ഇവിടെ വൈദ്യുതി ലഭ്യമാകുമെന്നതും മറ്റൊരു കാരണമാണ്. ഇത് കൂടാതെ സംസ്ഥാനത്ത് നിരവധി പ്രത്യേക സാമ്പത്തിക മേഖലകളും (Special Economic Zones) ഉണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയ ഉത്തര്‍പ്രദേശിന് തൊട്ടുപിന്നില്‍ ഗുജറാത്തായിരുന്നു. 37,17 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേടിയത്.

ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപ പദ്ധതികള്‍

1. ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യ സാനന്ദിലെ വ്യക്തിഗത ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ 2,200 കോടി രൂപ നിക്ഷേപിക്കും.

2. ദുബായുടെ ഉടമസ്ഥതയിലുള്ള തുറമുഖ ഭീമനായ ഡിപി വേള്‍ഡ് ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് ഒരു പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് ഏകദേശം 510 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

3. എല്‍ബിടെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള ജിഐഡിസിയുടെ അഹമ്മദാബാദിലെ ടെക്‌സ്റ്റൈല്‍ യൂണിറ്റില്‍ 450 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇത് 1000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

4. മണ്ഡല്‍ താലൂക്കിലെ മാന്‍പുര പ്രദേശത്ത് 155 ഹെക്ടറില്‍ ഒരു വ്യവസായിക പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ മാസ്‌കോട്ട് സൗത്ത് ഏഷ്യ എല്‍എല്‍പിയുമായി ധാരണാപത്രം ഒപ്പുവച്ചു. 288.75 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പാര്‍ക്ക് 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യവസായ സൗഹൃദ ഗുജറാത്ത്

ഗുജറാത്ത് എത്രത്തോളം വ്യവസായ സൗഹൃദമാണെന്ന് വ്യക്തമാക്കുന്നതാണ് ഇവിടുത്തെ ഓട്ടോമൊബൈല്‍ നിര്‍മ്മാണ വ്യവസായ മേഖലയിലെ വളര്‍ച്ച. ഇന്ന്, ഗുജറാത്തിലെ ഓട്ടോമൊബൈല്‍ മേഖലയുടെ മൂല്യം 3 ബില്യണ്‍ ഡോളറാണ്.

2009-ല്‍ സാനന്ദില്‍, ടാറ്റ മോട്ടോഴ്സ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചത് ഗുജറാത്തിലേക്കെത്തുന്നതിന് കൂടുതല്‍ വാഹന നിര്‍മ്മാതാക്കൾക്ക് പ്രേരണയായി മാറി.

2011-ല്‍ ഫോര്‍ഡ് മോട്ടോഴ്സ് അവരുടെ സാനന്ദ് പ്ലാന്റില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തി, ഇത് 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

സുസുക്കി മോട്ടോഴ്സ് 2014-ല്‍ 14,784 കോടി രൂപയുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചു, ഇത് 9,100 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സുസുക്കി സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ തുടങ്ങിയ ജനപ്രിയ മോഡുകള്‍ ഈ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്.

2016ല്‍, ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയും (എച്ച്എംഎസ്‌ഐ) ഹീറോ മോട്ടോകോര്‍പ്പും ഗുജറാത്തില്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിച്ചു.

കഴിഞ്ഞ വര്‍ഷം ഹാലോലില്‍ 44 ഏക്കര്‍ സ്ഥലത്ത് ജെസിബി തങ്ങളുടെ പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. 100 മില്ല്യണ്‍ പൗണ്ട് നിക്ഷേപമാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസിബി നടത്തിയത്.

ഗുജറാത്തിലെ ഓട്ടോമൊബൈല്‍ മേഖലയുടെ ഉയര്‍ച്ച, വൈബ്രന്റ് ഗുജറാത്ത് ആഗോള സമ്മേളനം വഴി സംസ്ഥാനം നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിന്റെ നേരിട്ടുള്ള ഫലം തന്നെയാണ്.

വ്യവസായികളെയും ഉത്പാദകരെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന സംസ്ഥാനമായി ഇവിടം ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നിര്‍വചിക്കപ്പെട്ടതാണ് ഗുജറാത്തിന്റെ വ്യാവസായിക വിജയത്തിന്റെ രഹസ്യം.