ഒർലാൻഡോ: കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന മുതലയെ കാണുമ്പോൾ തന്നെ മിക്ക ആളുകൾക്കും പേടി തോന്നാറുണ്ട്. എന്നാൽ, വളരെ അപൂർവ്വമായ ഒരു മുതലക്കുഞ്ഞിനെ ആകാംക്ഷയോടെയും കൗതുകത്തോടെയും നോക്കിക്കാണുകയാണ് ഒരു കൂട്ടം ആളുകൾ. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗ്രേറ്റർലാൻഡിലാണ് അപൂർവ്വ ഇനത്തിൽപ്പെട്ട വെളുത്ത ലൂസിസ്റ്റിക് മുതല പിറന്നത്. മിന്നുന്ന പിങ്ക് കണ്ണുകളാണ് ഈ മുതല കുഞ്ഞിന്റെ പ്രധാന ആകർഷണം. മനുഷ്യ പരിചരണത്തിൽ ജനിച്ച ആദ്യത്തെ വെളുത്ത ലൂസിസ്റ്റിക് മുതലയെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. അമേരിക്കൻ അലിഗേറ്ററിന്‍റെ ഏറ്റവും അപൂർവമായ ജനിതക വ്യതിയാനമാണ് ലൂസിസ്റ്റിക് മുതലകൾ.
96 ഗ്രാമും 49 സെന്റീമീറ്ററുമാണ് ഈ അപൂർവ്വ മുതലയ്ക്കുള്ളത്. ആൽബിനോ മുതലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. ലൂസിസം എന്ന പ്രതിഭാസം മൂലം വെളുത്ത നിറത്തിലാണ് കാണുക. പക്ഷേ ഇവയുടെ ചർമ്മത്തിൽ സാധാരണ നിറത്തിലുള്ള പാടുകളോ പാടുകളോ ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പാടുകളോ അടയാളങ്ങളോ ഒന്നുമില്ലാത്തതാണ് ഈ കുഞ്ഞ് പെണ്‍ മുതല. ഒറ്റനോട്ടത്തിൽ കാർട്ടൂണിലെ കഥാപാത്രത്തെ പോലെയാണ് ഈ മുതലക്കുഞ്ഞിന്റെ രൂപം. ഇവയുടെ ആരോഗ്യം കണക്കിലെടുത്ത് കുറച്ച് ആഴ്ചകൾ അതിഥികളിൽ നിന്നും മുതലയെ അകറ്റി നിർത്തുന്നതാണ്.