ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ ആവേശത്തിലായതോടെ ഭൂമിക്ക് പുറത്തുള്ള അതിമനോഹര ക്രിസ്മസ് ട്രീയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഒറ്റനോട്ടത്തിൽ ക്രിസ്തുമസ് ട്രീയെ പോലെ തോന്നിക്കുന്ന എൻജിസി 2264 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് നാസ പുറത്തുവിട്ടത്. ക്രിസ്തുമസ് ട്രീ ക്ലസ്റ്റർ എന്നും ഇവയെ വിശേഷിപ്പിക്കാവുന്നതാണ്. ഭൂമിയിൽ നിന്ന് ഏകദേശം 2500 പ്രകാശവർഷം അകലെയാണ് ക്രിസ്തുമസ് ട്രീ ക്ലസ്റ്റർ സ്ഥിതി ചെയ്യുന്നത്.
വ്യത്യസ്ത ദൂരദർശനികളിൽ നിന്നുള്ള വിവരങ്ങൾ ഒരുമിച്ച് ചേർത്താണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. ക്രിസ്തുമസ് ട്രീ ക്ലസ്റ്ററിലെ നക്ഷത്രങ്ങൾക്ക് പ്രായം വളരെ കുറവാണ്. ഏകദേശം 10 ലക്ഷം മുതൽ 50 ലക്ഷം വരെ പഴക്കമുള്ള ഈ നക്ഷത്ര വ്യൂഹം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുകയില്ല. 160 ഡിഗ്രിയിൽ ചിത്രം തിരിച്ചുപിടിക്കുമ്പോഴാണ് ക്രിസ്തുമസ് ട്രീയെ പോലെ തോന്നുക. ഇൻഫ്രാറെഡ് പ്രകാശം ഉപയോഗിച്ചുള്ള ടു മൈക്രോൺ ഓൾ സ്കൈ സർവ്വേയിൽ കണ്ടെത്തിയ വെള്ള നിറത്തിലുള്ള നക്ഷത്രങ്ങളും ചിത്രത്തിൽ പ്രത്യേകം കാണാൻ സാധിക്കും. ക്രിസ്തുമസിനോട് അനുബന്ധിച്ചെത്തിയ നാസയുടെ പുതിയ ചിത്രങ്ങൾ ശാസ്ത്രലോകത്ത് ഏറെ ചർച്ചയായിട്ടുണ്ട്.