ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ് വേർഷനിൽ താരതമ്യേന ഫീച്ചറുകൾ കുറവാണ്. എന്നാൽ, ഇത്തവണ വെബ് വേർഷൻ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ അപ്ഡേറ്റായി ഷെയർ ചെയ്ത് കഴിഞ്ഞാൽ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും പച്ച വളയം പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ ടാപ്പ് ചെയ്താൽ ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകൾ കാണാൻ സാധിക്കും.
ഡെസ്ക്ടോപ്പുകളിൽ വാട്സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണിത്. സ്ക്രീനിന്റെ ഇടത് വശത്ത് മുകളിലായി കമ്മ്യൂണിറ്റിക്കും, ചാനലിനും ഇടയിലായാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാറ്റസ് പ്ലസ് ഐക്കണിൽ ക്ലിക്ക് ചെയ്തും, പ്രൊഫൈൽ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കണിൽ തന്നെ ടാപ്പ് ചെയ്തും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്ന മുഴുവൻ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ലഭിക്കുന്നതാണ്.