ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും കുരുക്ക് മുറുകുന്നു: നിയമനടപടിക്കൊരുങ്ങി ന്യൂയോർക്ക് ടൈംസ്



ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ന്യൂയോർക്ക് ടൈംസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ പരിശീലിപ്പിക്കാൻ അനുവാദമില്ലാതെ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ ന്യൂയോർക്ക് ടൈംസ് പരാതി നൽകിയിരിക്കുന്നത്. പകർപ്പവകാശം ഉന്നയിച്ച് ഓപ്പൺഎഐക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമ സ്ഥാപനം കൂടിയാണ് ന്യൂയോർക്ക് ടൈംസ്. ടെക് ലോകത്ത് അടുത്തിടെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളാണ് ഓപ്പൺഎഐ.

അനുവാദം ചോദിക്കാതെയും, പണം നൽകാതെയും തങ്ങളുടെ വലിയ പത്രപ്രവർത്തന ശേഷിയെ സൗജന്യമായി ഉപയോഗപ്പെടുത്തുകയാണ് എതിർകക്ഷികൾ ചെയ്തതെന്നാരോപിച്ച് മാൻഹട്ടൺ ഫെഡറൽ കോടതിയിലാണ് ന്യൂയോർക്ക് ടൈംസ് പരാതി നൽകിയത്. നിയമവിരുദ്ധമായി തങ്ങളുടെ ഉള്ളടക്കങ്ങൾ ഉപയോഗിച്ചതോടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി. എന്നാൽ, എതിർകക്ഷികളിൽ നിന്ന് ഇതുവരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല.

Also Read: ഇന്ത്യന്‍ എംബസികള്‍ക്ക് നേരെയുണ്ടായ ആക്രമണം, 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ