സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ച് ആൽബർട്ടിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സർക്കാർ അടിയന്തര സഹായം നൽകണം എന്നും ഇവർ ആവശ്യപ്പെട്ടു.

ആൽബർട്ടിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്ന് നോർക്ക അധികൃതർ. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്. ആൽബർട്ടിന്റെ ഭൗതികശരീരം എത്തിക്കുക, കുടുംബത്തിനാവശ്യമായ സംരക്ഷണം നൽകുക എന്നീ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനായി എംബസിയിലെ ഉദ്യോഗസ്ഥരുമായി പ്രിൻസിപ്പൽ സെക്രട്ടറിയും സിഇഒയും പലതവണ സംസാരിച്ചു കഴിഞ്ഞു.

കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.

സുഡാനിന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. സുഡാനിലെ തെരുവുകളിൽ ഇപ്പോഴും സംഘർഷം തുടരുന്നതിനാൽ ഗതാഗതവും ജനജീവിതവും സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.