സ്‌കൂൾവിട്ട് വരവെ കാർ അപകടം: ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം


മസ്‌കത്ത്: സ്‌കൂൾ വിട്ട് വരവെ ഉണ്ടായ കാർ അപകടത്തിൽ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഒമാനിലാണ് സംഭവം. മലയാളി ബാലികയാണ് മരണപ്പെട്ടത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളായ അൽന റ്റാകിനാണ് മരിച്ചത്. സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അൽന.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. സ്‌കൂൾ വിട്ട ശേഷം അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അൽനയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.