30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

Date:


സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തിൽ നിർമ്മിച്ച അംബരചുംബിയായ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക് (world’s most popular landmark) എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ. പ്രതിവർഷം 17 ദശലക്ഷം സന്ദർശകരാണ് ഇവിടെയെത്തുന്നത്.

സ്വിച്ച് ഓൺ ബിസിനസ് എന്ന അനലിറ്റിക്സ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകളുള്ളത്. ആഗോളതലത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചതും ലോകത്തെ ഏറ്റവും അറിയപ്പെടുന്നതുമായ 150-ലധികം ലാൻഡ്‌മാർക്കുകളാണ് പഠനവിധേയമാക്കിയത്. ഇവിടങ്ങളിലെത്തുന്ന ശരാശരി സന്ദർശകരുടെ എണ്ണവും വിശകലനം ചെയ്തു.

പാരീസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ മൂന്നിരട്ടി ഉയരമുള്ള ബുർജ് ഖലീഫയുടെ പേര് ഏകദേശം 22 ദശലക്ഷം പേരാണ് പ്രതിവർഷം ​​ഗൂഗിളിൽ സേർച്ച് ചെയ്തിട്ടുള്ളത് എന്നും ഏകദേശം 17 ദശലക്ഷം സന്ദർശകർ പ്രതിവർഷം ഇവിടെത്തുന്നു എന്നും ടിക്കറ്റ് ഇനത്തിൽ ഏകദേശം 621 ദശലക്ഷം ഡോളർ വരുമാനം നേടുന്നതായും പഠനം വെളിപ്പെടുത്തി.

പ്രതിവർഷം 22 ദശലക്ഷം ഗൂഗിൾ സേർച്ചുകളും 7.5 ദശലക്ഷം സന്ദർശകരുമായി ഇന്ത്യയിലെ താജ്മഹലാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് നയാഗ്ര വെള്ളച്ചാട്ടമാണ്. ഇവിടെ പ്രതിവർഷം 13 ദശലക്ഷം ആളുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. പ്രതിവർഷം 1.2 ദശലക്ഷത്തിലധികം പേർ നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് ​ഗൂഗിളിൽ തിരയുകയും ചെയ്യുന്നു.

ദുബായ് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ബുർജ് ഖലീഫയെന്ന് ടൂറിസം രം​ഗത്തെ വിദഗ്ധർ പറയുന്നു. “മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. ദുബായിൽ ബുർജ് ഖലീഫയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്”, ഗലദാരി ബ്രദേഴ്‌സ് ഇന്റർനാഷണൽ ട്രാവൽ സർവീസസിലെ മാനേജർ മിർ വസീം രാജ ഖലീജ് ടൈംസിനോട് പറഞ്ഞു. “ബുർജ് ഖലീഫയിലെത്തുന്ന ഒരു സന്ദർശകന് 60 സെക്കൻഡിനുള്ളിൽ 800 മീറ്റർ ഉയരത്തിൽ എത്താനാകും. മുകളിൽ നിന്ന് മനോഹരമായ നഗരം കാണാം”, രാജ കൂട്ടിച്ചേർത്തു.

“ഉയരം, വാസ്തുവിദ്യാ മികവ്, അതിശയകരമായ കാഴ്ചകൾ എന്നിവയെല്ലാം ബുർജ് ഖലീഫയെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. വേനൽക്കാലത്ത് ഉച്ചകഴിഞ്ഞ് 4 മണി മുതൽ 7 മണി വരെയും, ശൈത്യകാലത്ത് 3 മണി മുതൽ 6 മണി വരെയും ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. ഈ സമയത്തെത്തിയാൽ സൂര്യാസ്തമയവും ന​ഗരത്തിന്റെ രാത്രി കാഴ്ചകളും കാണാം”, ടൂർസ് ഓൺ ബോർഡിലെ സെയിൽസ് മാനേജർ രഞ്ജു എബ്രഹാം പറഞ്ഞു. 80 ദിർഹം മുതൽ 750 ദിർഹം വരെയാണ് സ്കൈ വ്യൂ ഒബ്സർവേറ്ററി ടിക്കറ്റ് നിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related