സിഡ്‌നി: കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ്‍ ചേര്‍ത്തുവെന്നാണ് പാചകം ചെയ്തയാളുടെ മൊഴി. എന്നാല്‍ ഈ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒത്തുചേരല്‍ വിരുന്നില്‍ ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം.
Read Also: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സമൂഹ മാധ്യമ പോസ്റ്റ്: നടപടിയെടുക്കണമെന്ന് സുപ്രീം കോടതി
ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. മെല്‍ബണില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ യാത്രാദൂരമുള്ള ലിയന്‍ഗാത്തയില്‍ യഥേഷ്ടമായി കാണുന്ന ഡെത്ത് ക്യാപ് (മരണത്തിന്റെ തൊപ്പി) പാചകത്തിനിടെ ചേര്‍ത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ ഭാഷ്യം. ഒരു സാമുദായിക വിഭാഗത്തിന്റെ ന്യൂസ് ലെറ്റര്‍ എഡിറ്ററായ എറിന്‍ പാറ്റേഴ്‌സണെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും സംശയിക്കുന്നത്. എറിന്റെ മുന്‍ഭര്‍ത്താവിന്റെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് മരിച്ചത്. എറിന്‍ പാറ്റേഴ്‌സണാണ് ഭക്ഷണം പാകം ചെയ്തത്. കൂടാതെ, ഭക്ഷണം കഴിച്ച് നാല് പേര്‍ ഗുരുതരാവസ്ഥയിലായെങ്കിലും ഇവര്‍ക്ക് ആരോഗ്യപരമായി കുഴപ്പങ്ങള്‍ കാണാത്തതും സംശയം വര്‍ധിപ്പിക്കുന്നു.
ജൂലായ് 29നാണ് മുന്‍ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോണിനും ഡെയിലിനും വേണ്ടി എറിന്‍ ബീഫ് വെല്ലിങ്ടണ്‍ പാചകം ചെയ്തത്. ഇവര്‍ എറിനുമായി അകന്നുതാമസിക്കുകയായിരുന്നു. കൂടാതെ വിരുന്നില്‍ പ്രാദേശിക പുരോഹിതനായ ഇയാന്‍ വില്‍ക്കിന്‍സണും ഭാര്യ ഹെതറും വിരുന്നില്‍ പങ്കെടുത്ത് ഇതേ വിഭവം കഴിച്ചിരുന്നു. രണ്ട് ദമ്പതിമാര്‍ക്കും രാത്രിയോടെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് ഇവരുടെ നില ഗുരുതരമായി. എഴുപതുകാരനായ ഇയാന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
താന്‍ കടയില്‍ നിന്ന് വാങ്ങിയ കൂണുകളാണ് പാചകത്തിന് ഉപയോഗിച്ചതെന്നും വിഷബാധയെ കുറിച്ച് തനിക്ക് അറിയില്ലെന്നും എറിന്‍ പാറ്റേഴ്‌സണ്‍ പറയുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ ദുരന്തത്തില്‍ തനിക്ക് പങ്കില്ലെന്ന് എറിന്‍ അന്വേഷണസംഘത്തോടും മാധ്യമങ്ങളോടും ആവര്‍ത്തിച്ചു.
ഡെത്ത് ക്യാപ്പില്‍ മൂന്ന് പ്രധാന തരം വിഷവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. അമാറ്റോക്‌സിന്‍, ഫാലോടോക്‌സിന്‍, വൈറോടോക്‌സിന്‍ എന്നിവയാണവ. മനുഷ്യരില്‍ അമാറ്റോക്‌സിനുകള്‍ ഡിഎന്‍എയുടെ ഉല്‍പാദനത്തെ തടയുന്നു, ഇത് കരള്‍ , വൃക്ക എന്നിവയുടെ തകരാറിലേക്കും ചികിത്സിച്ചില്ലെങ്കില്‍ കോമയിലേക്കും മരണത്തിലേക്കും നയിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാളെ കൊല്ലാന്‍ ഒരു ചെറിയ കഷണം മാത്രം മതി. കൂണ്‍ തിളപ്പിക്കുകയോ പാകം ചെയ്യുകയോ മരവിപ്പിക്കുകയോ ഉണക്കുകയോ ചെയ്താല്‍ വിഷാംശം നശിപ്പിക്കാനാവില്ല. കൊലപാതകങ്ങള്‍ക്കായി വിഷക്കൂണ്‍ ഉപയോഗിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.