ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ വ്യാപക ആക്രമണം, വീടുകള്‍ കൊള്ളയടിക്കുന്നു


ഫൈസലാബാദ്: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ജനക്കൂട്ടം. ജരന്‍വാല ജില്ലയിലാണ് ആരാധനാലയങ്ങള്‍ക്ക് നേരെ ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണകാരികള്‍ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസനഗ്രിയില്‍ സ്ഥിതി ചെയ്യുന്ന സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രസ്ബിറ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച്, ഷെഷ്‌റൂന്‍വാല ചര്‍ച്ച് എന്നിവയാണ് തകര്‍ക്കപ്പെട്ട പള്ളികള്‍. ഒരു വലുതും മൂന്ന് ചെറുതും അടക്കം അഞ്ച് പള്ളികള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് പ്രവിശ്യ പൊലീസ് മേധാവി അറിയിച്ചു. അക്രമസംഭവങ്ങള്‍ നടന്ന പ്രദേശത്ത് നിന്ന് ക്രിസ്ത്യന്‍ വിഭാഗക്കാരെ മാറ്റിതാമസിപ്പിച്ചതായി പഞ്ചാബ് പൊലീസ് മേധാവി ഉസ്മാന്‍ വ്യക്തമാക്കി.