യാത്രക്കിടെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു: വിമാനം അടിയന്തിരമായി നിലത്തിറക്കി


മിയാമി: യാത്രക്കിടെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ചിലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് നിലത്തിറക്കിയത്. ലതാം എയർലൈൻസിന്റെ എൽഎ 505 വിമാനത്തിലായിരുന്നു സംഭവം. കോപൈലറ്റാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. 21 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

56 വയസുകാരൻ ഇവാൻ ആൻഡുറാണ് മരിച്ചത്. വിമാനം പുറപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. പിന്നാലെ ബാത്ത്‌റൂമിൽ കയറിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ജീവനക്കാർ അടിയന്തിര ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പൈലറ്റിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നുവെന്നും പൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിരുന്നതായും വിമാനക്കമ്പനി വ്യക്തമാക്കി.