ചൈനയിലെ സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാനും പ്രസിഡന്റ് ഷീ ജിന്‍പിങ്
സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഉപദേശിച്ച് ചൈനയിലെ ദേശീയ വനിതാ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സമാപന യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വനിതാ പ്രതിനിധികള്‍ക്കായി പ്രത്യേക ക്ലാസ് എടുത്തു. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കല്‍ എന്നിവയില്‍ യുവാക്കളെ സ്വാധീനിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വനിതാ കോണ്‍ഗ്രസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്ത്രീകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് കരുതപ്പെടുന്നത്. ഇത് മിക്കപ്പോഴും പ്രതീകാത്മകമാണെങ്കിലും ഈ വര്‍ഷത്തെ കോണ്‍ഗ്രസ് മറ്റൊരു രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പാര്‍ട്ടിയുടെ എക്‌സിക്യുട്ടിവ് നയരൂപീകരണ സംഘത്തില്‍ സ്ത്രീകളില്ലായിരുന്നു. ഇത്തവണത്തെ വനിതാ കോണ്‍ഗ്രസില്‍ ലിംഗ സമത്വത്തെ നേതാക്കള്‍ നിസ്സാരവത്കരിച്ചുവെന്നതാണ് ശ്രദ്ധേയമായത്.
വിവാഹം കഴിക്കുക, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക എന്ന പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ലക്ഷ്യത്തിനാണ് കോണ്‍ഗ്രസില്‍ നേതാക്കന്മാര്‍ ഊന്നല്‍ നല്‍കിയത്.
കഴിഞ്ഞകാലങ്ങളില്‍ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയാണ് നേതാക്കള്‍ സ്മരിച്ചത്. എന്നാല്‍, ഇത്തവണത്തെ പ്രസംഗത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഷി സൂചിപ്പിച്ചതേ ഇല്ല. സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമാണ്. ജനനനിരക്ക് കുത്തനെ ഇടിഞ്ഞതിനാല്‍ ചൈന ജനസംഖ്യാപരമായ പ്രതിസന്ധിയിലാണുള്ളത്. 1960കള്‍ക്ക് ശേഷം ആദ്യമായി ചൈനയില്‍ ജനസംഖ്യ കുറയാന്‍ കാരണമായി. ഇതിന് പണം നല്‍കിയും നികുതി ഇളവ് നല്‍കിയും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഇടപെടലുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ജനസംഖ്യയിലുണ്ടായ ഇടിവ് സമ്പദ് വ്യവസ്ഥയിലും പ്രകടമാകുന്നുണ്ട്. വളരെ കുറഞ്ഞ വേഗതയിലാണ് സമ്പദ് വ്യവസ്ഥ വളരുന്നത്. ഫെമിനിസത്തിന്റെ വളര്‍ച്ചയും ഏറെക്കുറെ ബാധിച്ചിട്ടുണ്ട്. സ്ത്രീകളോട് വീട്ടിലിരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും പ്രായമായവരെ പരിപാലിക്കാനുമാണ് പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതെന്ന് നിരീക്ഷർ പറയുന്നു.
അതേസമയം, അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ചിലര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ചൈനയിലെ സ്ത്രീകള്‍ ഈ പ്രവണതയില്‍ ആശങ്കാകുലരാണ്. വര്‍ഷങ്ങളായി അവര്‍ ഇതിനെതിരേ പോരാടുകയാണെന്ന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഫ്രീഡം ഹൗസിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍ യക്വിയു വാങ് പറഞ്ഞു.
അതേസമയം സ്ത്രീകളുടെ ഒട്ടേറെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുകയാണെന്നും സ്ത്രീകള്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങൾ നേതൃത്വത്തോടുള്ള വെല്ലുവിളിയായാണ് പാര്‍ട്ടി കാണുന്നതെന്നും നിരീക്ഷകർ പറയുന്നു.
ലൈംഗികാതിക്രമങ്ങള്‍, ലിംഗപരമായ അതിക്രമങ്ങള്‍, വിവേചനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പോലും നിശബ്ദമാക്കപ്പെടുന്നു. ഫെമിനിസ്റ്റുകളും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരും ജയിലിലായി.
സ്ത്രീകളുടെ കടമയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് വിമെൻസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങളെന്നും നിരീക്ഷകർ പറയുന്നു.