ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു; വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു
ഇന്ത്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് യുഎസിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. മിഡ്‌വെസ്റ്റിലെ ഒരു ഫിറ്റ്‌നെസ് കേന്ദ്രത്തില്‍ വെച്ചാണ് 24-കാരനായ വരുണ്‍ രാജ് പുചയ്ക്ക് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വരുണിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വരുണിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
”ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ വരുണ്‍ രാജ് പുചയ്ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ട് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിച്ച് വരുണ്‍ മടങ്ങി വരട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ആഭ്യന്തര വകുപ്പ് വക്താവ് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയോട് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ വരുണ്‍ രാജിനെ ജോര്‍ദാന്‍ ആന്‍ഡ്രേഡ് എന്നയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് അറിവായിട്ടില്ല. ഇതില്‍ അന്വേഷണം നടക്കുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വരുണിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നാഡിവ്യവസ്ഥയ്ക്ക് ഗുരുതരമായ പരിക്കേറ്റ വരുണിന് പൂര്‍ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത് കൂടാതെ ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുപോകാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
Also read-അമേരിക്കയിൽ ഇന്ത്യൻ വംശജന് ജിമ്മിൽ വെച്ച് കുത്തേറ്റു; എന്തോ പന്തികേട് തോന്നിയത് കൊണ്ട് ആക്രമിച്ചതെന്ന് പ്രതി
24-കാരനായ ആക്രമി ജോര്‍ദാന്‍ ആന്‍ഡ്രേഡിനെ പോലീസ് അറസ്റ്റു ചെയ്തു. മാരകായുധമുപയോഗിച്ച് കൊലപാതകശ്രമം നടത്തിയെന്നതിന് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളെ പോര്‍ട്ടര്‍ സൂപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മുമ്പാകെ ഹാജരാക്കി. പരുക്കുകള്‍ ഗുരുതരമായതിനാല്‍ വരുണിനെ ഫോര്‍ട്ട് വൈനിലെ ലൂതെറന്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. വരുണിന് നേരെയുണ്ടായ ആക്രമണത്തില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഞെട്ടൽ രേഖപ്പെടുത്തി.
”വരുണ്‍ രാജിനുണ്ടായ അപകടവിവരമറിഞ്ഞ് ഞങ്ങള്‍ ഞെട്ടിപ്പോയി. സംഭവത്തില്‍ ഏറെ ദുഃഖിതരാണ്. വല്‍പാറെയ്‌സോ യൂണിവേഴ്‌സിറ്റിയില്‍ എല്ലാവരെയും കുടുംബാംഗങ്ങളെപ്പോലെയാണ് കരുതുന്നത്. ഈ സംഭവം പേടിപ്പെടുത്തുന്ന ഒന്നാണ്. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ വരുണിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്,” യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജോസ് പാഡില്ല പ്രസ്താവനയില്‍ അറിയിച്ചു.
വരുണിന്റെ കുടുംബത്തിന് എത്രയും വേഗം യുഎസില്‍ എത്തുന്നതിന് യൂണിവേഴ്‌സിറ്റിയും വാല്‍പോ കമ്യൂണിറ്റിയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നതായി ചിക്കാഗോ ട്രിബ്യൂണിന് അയച്ച ഈമെയിലില്‍ മൈക്കിള്‍ ഫെന്‍ടണ്‍ പറഞ്ഞു. ഗോഫണ്ട് വഴി നോര്‍ത്ത് അമേരിക്കന്‍ തെലുഗു സൊസൈറ്റിയുടെ (എന്‍എടിഎസ്) നേതൃത്വത്തില്‍ ഫണ്ട് റെയ്‌സിങ് ആരംഭിച്ചിട്ടുണ്ട്.
Also read-ഗാസയിൽ നിന്ന് ഏഴായിരത്തോളം വിദേശികളെയും ഇരട്ട പൗരത്വമുള്ളവരെയും ഒഴിപ്പിക്കാൻ സഹായം നൽകുമെന്ന് ഈജിപ്ത്
വരുണിന്റെ ചികിത്സാചെലവ് ഭീമമാണെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സഹായം അഭ്യര്‍ഥിച്ച് തങ്ങളെ വിളിച്ചതായും ചികിത്സാ ചെലവിനും മാതാപിതാക്കളുടെ യാത്രാ ചെലവിനും സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും എന്‍എടിഎസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ജിമ്മിൽ വെച്ച് ഒരാൾക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ തലയ്ക്ക് പരിക്കേറ്റ് മസാജ് ചെയറില്‍ ഇരിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കൂടാതെ മുറിയിൽ നിന്ന് ഒരു മടക്കിവെയ്ക്കാവുന്ന കത്തിയും പോലീസ് കണ്ടെടുത്തു.
ഞായറാഴ്ച രാവിലെ മസാജ് റൂമിലേക്ക് വന്ന ആൻഡ്രേഡ്, വരുണിനെ അവിടെ വച്ചാണ് കണ്ടതെന്ന് പോലീസിനോട് പറഞ്ഞു. ഇരുവർക്കും പരസ്പരം നേരത്തെ പരിചയമില്ലെന്നും എന്നാൽ പ്രതിക്ക് കുത്തേറ്റ യുവാവിനെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയത് കൊണ്ടാണ് ആക്രമിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. കൂടാതെ യുവാവ് ഒരു ‘ഭീഷണി’യായി തോന്നിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ആൻഡ്രേഡ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് വരുണിനെ കുത്തിയത്.