സിഖ് സമുദായക്കാർക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളെ ശക്തമായി അപലപിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്. തലപ്പാവ് തീവ്രവാദത്തിന്റെ പ്രതീകമല്ല മറിച്ച് അത് വിശ്വാസത്തെയാണ് പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ന്യൂയോര്‍ക്കില്‍ സിഖുകാര്‍ക്കെതിരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് മേയറിന്റെ പ്രതികരണം. അമേരിക്കയ്ക്ക് ഉണ്ടായ കളങ്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് റിച്ച്മണ്ട് ഹില്ലിലെ ക്വീന്‍സിന് സമീപമുള്ള ബാബ മഖാന്‍ ഷാ ലുബാന സിഖ് സെന്ററില്‍ വെച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിഖ് മതത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്ന് റിച്ച്മണ്ട് ഹില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു. ‘നിങ്ങള്‍ ഭീകരതയെക്കുറിച്ചല്ല; സംരക്ഷകനെക്കുറിച്ചാണ് അറിയേണ്ടത്, അതാണ് ഈ നഗരം മുഴുവന്‍ പഠിപ്പിക്കേണ്ടത്. നമ്മുടെ ചെറുപ്പക്കാര്‍ അത് അറിയണം, നമ്മുടെ മുതിര്‍ന്നവര്‍ അത് അറിയണം,” ആഡംസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘നിങ്ങളുടെ തലപ്പാവ് തീവ്രവാദത്തെയല്ല അര്‍ത്ഥമാക്കുന്നത്. സംരക്ഷണം, സമൂഹം, കുടുംബം, വിശ്വാസം എന്നിവയാണ് അര്‍ത്ഥമാക്കുന്നത്. നിങ്ങളെക്കുറിച്ചുള്ള ധാരണകള്‍ ഞങ്ങള്‍ മാറ്റും. നമുക്കത് ഒരുമിച്ച് ചെയ്യാം’, എന്നും ആഡംസ് പറഞ്ഞു. ആഡംസും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി വുമണ്‍ ജെനിഫര്‍ രാജ്കുമാറും സിഖ് സമൂഹത്തിലെ അംഗങ്ങളെ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
Also read-കാനഡയില്‍ നടന്ന ഇന്ത്യാവിരുദ്ധ ജനഹിതവോട്ടെടുപ്പ് പരാജയമെന്ന് റിപ്പോര്‍ട്ട്
ഒക്ടോബര്‍ 15ന് റിച്ച്മണ്ട് ഹില്ലില്‍ വെച്ച് 19 വയസ്സുള്ള സിഖ് ബാലന്‍, ബസില്‍ കയറുന്നതിനിടെ ക്രിസ്റ്റഫര്‍ ഫിലിപ്പെക്സ് എന്ന 26കാരന്റെ ആക്രമണത്തിന് ഇരയായിരുന്നു. ഫിലിപ്പോക്സ് സിഖ് കൗമാരക്കാരന്റെ തലയുടെ പിന്നില്‍ ഇടിക്കുകയും തലപ്പാവ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഫിലിപ്പെക്സിനെതിരെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി, ഈ സംഭവത്തില്‍ പ്രതികരിച്ച് ക്വീന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മെലിന്‍ഡ കാറ്റ്സ് പറഞ്ഞു.
ഈ ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ഇടത്ത് 66 കാരനായ ജാസ്മര്‍ സിംഗ് എന്ന സിഖ് വയോധികൻ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ 30 കാരനായ ഗില്‍ബര്‍ട്ട് അഗസ്റ്റിന്‍ സിഖ് വയോധികനെ തലയിലും മുഖത്തും നിരവധി തവണ അടിച്ചു. തലക്ക് സാരമായി പരിക്കേറ്റ ജാസ്മര്‍ സിംഗ് മരണത്തിന് കീഴടങ്ങുകയായിരുന്നു,
സിഖുകാരെ സമൂഹത്തിന്റെ ‘സംരക്ഷകര്‍’ എന്ന് വിശേഷിപ്പിച്ച ജെന്നിഫര്‍ രാജ്കുമാര്‍, സിഖുകാർക്കെതിരെയുള്ള വിദ്വേഷം ‘സ്വീകാര്യമല്ല’ എന്നും അത്തരം അക്രമങ്ങള്‍ നടത്തുന്നവരെ വിചാരണ ചെയ്യുമെന്നും പറഞ്ഞു. ‘ആദ്യമായി, സിഖ് അമേരിക്കക്കാര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിന്റെ സ്വാധീനം ഉപയോഗിക്കാന്‍ പോകുന്നു. ആദ്യമായി, ന്യൂയോര്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സും ലോകം മുഴുവനും സിഖ് ജനത യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയാന്‍ പോകുന്നു, നമ്മൾ ആക്രമിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യരുത്,’ ജെന്നിഫര്‍ രാജ്കുമാര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വനിതയാണ് ജെന്നിഫര്‍. ‘പഞ്ചാബിന്റെ മകള്‍’ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
സിഖ് സമുദായത്തിനും വേണ്ടി, രാജ്കുമാര്‍ മേയര്‍ക്ക് സിഖ് മതത്തിന്റെ വിശ്വാസ ചിഹ്നമായ ‘കിര്‍പാന്‍’ സമ്മാനിച്ചു. ‘ സിഖ് സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങൾക്ക് ധൈര്യം പകരാനാണിത്’, ‘ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ആഡംസ് ഞങ്ങളുടെ സംരക്ഷകൻ’ എന്ന് കൊത്തിവെച്ച വാള്‍ ആണ് ആഡംസിന് ജെന്നിഫര്‍ നല്‍കിയത്.
സിഖുകാര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ജെന്നിഫര്‍ ആവശ്യപ്പെട്ടു. ‘ഇത് പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടമാണ്. സിഖ് അമേരിക്കക്കാരെ ഉന്നം വയ്ക്കുന്നത് അവസാനിപ്പിക്കുക, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയണമെന്നും’ – ജെന്നിഫര്‍ പറഞ്ഞു.