ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ഉത്തരവാദി ബെഞ്ചമിൻ നെതന്യാഹു എന്ന് ചില ഇസ്രായേലികൾ വിശ്വസിക്കുന്നത് എന്തുകൊണ്ട്?


ഒക്‌ടോബർ 7 ന് നടന്ന ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾക്കും ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കും ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്ന് നിരവധി ഇസ്രായേൽക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾ നെതന്യാഹു തന്നെ ശരി വെച്ചിട്ടുമുണ്ട്. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തന്റെ സർക്കാർ കൃത്യമായി നിറവേറ്റിയില്ലെന്ന് അഭിമുഖത്തിൽ നെതന്യാഹു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. “തീർച്ചയായും, അങ്ങനെ സംഭവിച്ചിട്ടുണ്ട്. യുദ്ധത്തിന് ശേഷം ഇത് പരിഹരിക്കപ്പെടണം,” അദ്ദേഹം പറഞ്ഞു.

2018-ൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്ക് ദശലക്ഷക്കണക്കിന് ഡോളർ അയക്കാൻ നെതന്യാഹു ഖത്തറിനെ അനുവദിച്ചത് ഹമാസിനെ കൂടുതൽ കരുത്തരാക്കിയെന്നും വിരമിച്ച സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ബെന്നി സ്വീഗ് സിഎൻഎന്നിനോട് പറഞ്ഞു. “വളരെക്കാലം മുമ്പ് ഹമാസിനെ താഴെയിറക്കേണ്ടതായിരുന്നു, പകരം അവർക്ക് സാമ്പത്തിക സഹായം നൽകാൻ നെതന്യാഹു ഖത്തറിനെ അനുവദിച്ചു. അതുകൊണ്ട് ഒരു ഭീകര സംഘടനയുടെ അജണ്ട മാറ്റാൻ നിങ്ങൾക്കാവില്ല. ഇപ്പോൾ, അതിനു നൽകേണ്ടി വരുന്ന വില വളരെ കൂടുതലാണ്”, സ്വീഗ് കൂട്ടിച്ചേർത്തു.

പുനർനിർമാണത്തിനായി ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് സൂചന

ഗാസയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനും തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും 2018-ൽ ഖത്തർ 15 മില്യൺ ഡോളർ ഗാസയ്ക്ക് നൽകിയിരുന്നു. ഇത് ഹമാസിനെ ശക്തിപ്പെടുത്താൻ ഉപയോഗിച്ചു എന്നാണ് ഇസ്രായേലികളിൽ ഒരു വിഭാഗം വിശ്വസിക്കുന്നത്. ഇസ്രായേൽ വഴിയാണ് ഗാസയിലേക്ക് ഈ ഫണ്ട് എത്തിച്ചത്.

2012-നും 2018-നും ഇടയിൽ ഒരു ബില്യൺ ഡോളർ കൈമാറ്റം ചെയ്യാൻ നെതന്യാഹു അംഗീകാരം നൽകി. അതിൽ പകുതിയും ഹമാസിലേക്ക് പോയി എന്ന് പ്രെസെൻസയുടെ (Pressenza ) പ്രത്യേക റിപ്പോർട്ടിൽ പറയുന്നു.

‘ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യണം‘: നരേന്ദ്രമോദിയോട് ഇറാന്‍ പ്രസിഡന്റ്

ഇസ്രായേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് നെതന്യാഹു. 1996 മുതൽ 1999 വരെയും 2009 മുതൽ 2021 വരെയും അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒക്‌ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ, ഏകദേശം 1,400 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും രാജ്യത്തെ സാധാരണ പൗരൻമാരും, ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയവരും ആയിരുന്നു.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ നാലായിരത്തിലേറെ കുട്ടികൾ ഉൾപ്പെടെ ആകെ 10,222 പേർ കൊല്ലപ്പെട്ടു.

ഹമാസ് 220 ഇസ്രായേൽക്കാരെയാണ് ബന്ദികളാക്കിയത്. അവരിൽ നാലുപേരെ മോചിപ്പിക്കുകയും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കണണെങ്കിൽ നിരുപാധികമായി വെടിനിർത്തൽ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.