ഫ്രാൻസിൽ അധ്യാപകനെ കുത്തിക്കൊല്ലാൻ പ്രചോദനം ഐ എസ് എന്ന് പിടിയിലായ 20കാരൻ


കഴിഞ്ഞയാഴ്ച ഫ്രാൻസിൽ 20കാരൻ അധ്യാപകനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രചോദനമായത് ഐ എസ് എന്ന് പ്രതി. ആക്രമണത്തിന് മുമ്പുള്ള പ്രതിയുടെ ഒരു ഓഡിയോ റെക്കോർഡിംഗ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെന്നാണ് വിവരം. ഇസ്രായേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ഫ്രാൻസിൽ ഈ കൊലപാതകം നടന്നത്. തുടർന്ന് കൂടുതൽ ആക്രമണങ്ങൾ നടക്കാതിരിക്കാൻ രാജ്യത്ത് സുരക്ഷ വർധിപ്പിച്ചു.

പാരീസിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള അരാസിലെ സ്കൂൾ അധ്യാപകനായ ഡൊമിനിക് ബെർണാഡ് (57) ആണ് കൊല്ലപ്പെട്ടത്. റഷ്യയിലെ പ്രധാന മുസ്ലീം മേഖലയാണ് പ്രതിയായ മുഹമ്മദ് മൊഗുച്ച്കോവിന്റെ (20) പ്രദേശം. കൊലപാതകം, തീവ്രവാദ ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

പ്രതിയുടെ ഓഡിയോ റെക്കോർഡിംഗിൽ “ഇസ്‌ലാമിക് സ്റ്റേറ്റിനോട് കൂറ് പുലർത്തുന്നതായി” പ്രതിജ്ഞയെടുത്തിരുന്നതായി പ്രോസിക്യൂട്ടർ ജീൻ-ഫ്രാങ്കോയിസ് റിക്കാർഡ് പാരീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പ്രതിയുമായി അടുപ്പമുള്ളവരിൽ നിന്നും ആക്രമണത്തിന് മുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ നിന്നും ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read-ഹമാസ് കൊലപ്പെടുത്തിയ മകളെ കണ്ടെത്താൻ സഹായിച്ചത് ഐഫോണും ആപ്പിൾ വാച്ചും; നൊമ്പരമായി പിതാവിന്റെ വാക്കുകൾ

പാരീസിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള തന്റെ മുൻ സ്കൂളിൽ വെച്ചാണ് പ്രതി അധ്യാപകനെ കുത്തി കൊന്നത്. ഇതിന് സഹായം നൽകിയതായി സംശയിക്കുന്ന പ്രതിയുടെ 16 വയസുള്ള സഹോദരനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. സഹോദരനെ കുറ്റം ചുമത്തി വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ പാർപ്പിച്ചതായി അഭിഭാഷകൻ ആംബ്രോസ് വിയനെറ്റ്-ലീഗ് എഎഫ്‌പിയോട് പറഞ്ഞു.

ഇവരുടെ 15 വയസ്സുള്ള ബന്ധുവിനെതിരെയും കേസെടുത്തു. കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കൊലപാതകം തടയാൻ ഒന്നും ചെയ്യാത്തതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മൊഗുച്ച്‌കോവ് ജനിച്ച ഇംഗുഷെഷ്യ മേഖലയോട് അതിർത്തി പങ്കിടുന്ന റഷ്യയുടെ തെക്കൻ പ്രദേശമായ ചെച്‌നിയയിൽ ഒരു ഇസ്‌ലാമിക് തീവ്രവാദി, സാമുവൽ പാറ്റി എന്ന മറ്റൊരു അധ്യാപകനെ കഴുത്തറുത്ത് കൊന്നിട്ട് ഏകദേശം മൂന്ന് വർഷം പിന്നിടുമ്പോഴാണ് ബെർണാഡിന്റെ കൊലപാതകം.

ബോംബ് ഭീഷണി

വെള്ളിയാഴ്ചത്തെ ആക്രമണത്തെ തുടർന്ന് ഫ്രാൻസിൽ സുരക്ഷ വർധിപ്പിക്കുകയും രാജ്യത്ത് 7,000 സൈനികരെ വിന്യസിക്കുകയും ചെയ്തു. രാജ്യത്തെ പൊതു കെട്ടിടങ്ങൾക്ക് നേരെ നിരവധി ബോംബ് ഭീഷണികളും ഉയരുന്നുണ്ട്. അരാസ് ഹൈസ്കൂളിലും രണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബോംബ് ഭീഷണി ഉയർന്നിരുന്നു. അയൽരാജ്യമായ ബെൽജിയത്തിലും സമാനമായ ആക്രമണം ഉണ്ടായി. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ടുണീഷ്യൻ സ്വദേശി രണ്ട് സ്വീഡിഷുകാരെ കൊലപ്പെടുത്തിയിരുന്നു.

ഇതിനെ തുടർന്ന് “ഇസ്‌ലാമിസ്റ്റ് ഭീകരത” തിരിച്ചെത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.കൂടാതെ കുടിയേറ്റ ബില്ലിൽ മാറ്റങ്ങൾ വരുത്താനും നിയമം കടുപ്പിക്കാനുമുള്ള ഫ്രാൻസിന്റെ നീക്കത്തെക്കുറിച്ചും മാക്രോൺ സൂചന നൽകി. തീവ്രവാദത്തിനെതിരായ പ്രതികരണമായിരിക്കുമിതെന്നും മാക്രോൺ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതു മുതൽ മുസ്ലീം, ജൂത ജനസംഖ്യ കൂടുതലുള്ള ഫ്രാൻസ് ജാഗ്രതയിലാണ്.