‘​ഗാസയിൽ ആക്രമണം തുട‍‍ർന്നാൽ മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും തടഞ്ഞു നി‍ർത്താനാകില്ല‘​: ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്


ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും ഇസ്രായേലിന് തടഞ്ഞ് നിർത്താനാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഗാസയിലെ ബോംബാക്രമണം ഉടനടി അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖമേനിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസികൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“പലസ്തീനികൾക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ ആർക്കും മുസ്‌ലിംകളെയും പ്രതിരോധ ശക്തികളെയും നേരിടാൻ കഴിയില്ല ” എന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ ഗാസയിൽ പലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സയണിസ്റ്റ് ഭരണകൂട ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണം എന്നും ഖമേനി ആവശ്യപ്പെട്ടു. അതേസമയം ഗാസയിലെ യുദ്ധം നിർത്തിയില്ലെങ്കിൽ മണിക്കൂറുകൾക്കകം ഇസ്രായേലിനെതിരെ ഇറാന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള നടപടി ഉണ്ടാകുമെന്ന് നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

കൂടാതെ ഗാസ മേഖലയിൽ ഒരു നടപടിയും സ്വീകരിക്കാൻ പ്രതിരോധ നേതാക്കളെ അനുവദിക്കില്ലെന്നും ഇതിനായി എല്ലാ മുൻകരുതൽ നടപടിയും വരും മണിക്കൂറുകളിൽ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഈ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് അവസരം നൽകുമെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. എന്നാൽ ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രായേൽ യുദ്ധക്കുറ്റം തുടർന്നാൽ ഏത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഇറാൻ പ്രതിരോധ മുന്നണിക്ക് ശത്രുകളുമായി ദീർഘകാലം പോരാടാനുള്ള കഴിവുണ്ട്. നിലവിലുള്ള സംഘർഷം തുടർന്നാൽ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ കാരണമായേക്കും എന്നും അമിറാബ്ദൊല്ലാഹിയാൻ കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണ് ഒക്‌ടോബർ 7 ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആക്രമണത്തിൽ 1,300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തിരുന്നു.

കൂടാതെ വടക്കൻ ഗാസയിലെ താമസക്കാരോട് നഗരത്തിന്റെ തെക്കൻ ഭാഗത്തേക്ക് പോകാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗാസ സിറ്റിയിൽ ഇവർ ബോംബാക്രമണം നടത്തുകയും ചെയ്തു. ഈ ആക്രമണങ്ങളിൽ 2,800- ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ നാലിലൊന്ന് ശതമാനം കുട്ടികളും ഉണ്ടായിരുന്നു. ഇതോടെ 2.3 ദശലക്ഷം ഗാസക്കാരിൽ പകുതിയോളം പേർ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. കൂടാതെ ഇസ്രായേൽ ഗാസയ്ക്ക് സമ്പൂർണ ഉപരോധവും ഏർപ്പെടുത്തി. ഭക്ഷണം, ഇന്ധനം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ വിതരണം നിർത്തിവെച്ചു.