സമൂഹ മാധ്യമങ്ങളിൽ ഇസ്രായേലിനെതിരെ പോസ്റ്റുകൾ പങ്കുവെച്ച പൈലറ്റിനെ എയർ കാനഡ സസ്പെൻഡ് ചെയ്തു. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ കാനഡ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൈലറ്റ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഇസ്രായേലിനെതിരെ അസ്വീകാര്യമായ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി. പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടി ആണ് ഈ അച്ചടക്ക നടപടി.
എയർ കാനഡ പൈലറ്റ് ആയ മോസ്തഫ എസ്സോ തന്റെ യൂണിഫോമിന് മേൽ പലസ്തീൻ അനുകൂല നിറങ്ങൾ ധരിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിരുന്നു. കൂടാതെ മോശം പരാമർശങ്ങളോടെ ഇസ്രായേൽ വിരുദ്ധ വികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് യഹൂദ വിരുദ്ധതയാണ് എന്ന് ആരോപിച്ചുകൊണ്ട് വലിയ രീതിയിലുള്ള ആക്ഷേപങ്ങളും ഈ പോസ്റ്റിനു നേരെ ഉയർന്നിരുന്നു. അതേസമയം തങ്ങളുടെ പൈലറ്റിനെ സസ്പെൻസ് ചെയ്ത വിവരം എക്സിലുടെ എയർ കാനഡ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
” എയർ കാനഡ പൈലറ്റ് നടത്തിയ അസ്വീകാര്യമായ പോസ്റ്റുകളെ കുറിച്ച് ഞങ്ങൾക്കറിയാം. ഞങ്ങൾ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഒക്‌ടോബർ 9-ന് തിങ്കളാഴ്ച അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കി. എല്ലാത്തരം അക്രമങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” എന്നും എയർ കാനഡ പോസ്റ്റിൽ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടിയായി എയർലൈൻ ഉടൻ തന്നെ മൊസ്റ്റാഫ എസ്സോയെ സർവീസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്ന് കാനഡ വക്താവ് പീറ്റർ ഫിറ്റ്‌സ്പാട്രികും പ്രതികരിച്ചു.
പൈലറ്റിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ എയർ കാനഡയുടെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും യോജിക്കുന്നില്ലെന്നും ഫിറ്റ്സ്പാട്രിക് പറഞ്ഞു. കൂടാതെ എയർ കാനഡയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ എസ്സോയ്ക്ക് ഒരു അധികാരവുമില്ല എന്നും എയർലൈൻ വക്താവ് കൂട്ടിച്ചേർത്തു. അതേസമയം ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായതിനെ തുടർന്ന് ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ കാനഡ താൽക്കാലികമായി നിർത്തിവച്ചു. ഇതിന് പിന്നാലെയാണ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു എന്നുള്ള റിപ്പോർട്ട് കൂടി പുറത്തുവന്നത്.
കാനഡിയൻ പൗരന്മാരെ ഈ മേഖലയിൽ നിന്ന് എത്രയും വേഗം ഒഴിപ്പിക്കാനുള്ള നടപടികളും കാനഡ സ്വീകരിച്ചിട്ടുണ്ട്. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 പിന്നിട്ടു എന്നാണ് റിപ്പോർട്ട്. 2800 ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടാതെ 24 മണിക്കൂറിനിടെ 450 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ശനിയാഴ്ച രാവിലെ ഏകദേശം ആറരയോടെയാണ് ഹമാസ് അംഗങ്ങള്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്.