‘നിയമവാഴ്ചയെ ബഹുമാനിക്കുന്നു’; ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജോർദാന്‍ രാജാവിനോട്


നിയമവാഴ്ചയെ ബഹുമാനിക്കുന്നുവെന്ന് ഇന്ത്യയെക്കുറിച്ച് ജോര്‍ദാര്‍ രാജാവ് അബ്ദുള്ള കക ബിന്‍ അല്‍ ഹുസൈനോട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയെക്കുറിച്ചും നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും യുഎഇ പ്രസിഡന്റിനോട് സംസാരിച്ച് ഒരു ദിവസത്തിന് ശേഷമാണ് ജോര്‍ദാന്‍ രാജാവിനോടുള്ള ട്രൂഡോയുടെ പ്രസ്താവന.

കാനഡയ്ക്കും ഇന്ത്യയ്ക്കുമിടയിലെ സ്ഥിതിയെക്കുറിച്ച് ട്രൂഡോ ചര്‍ച്ചയില്‍ സൂചിപ്പിച്ചതായി കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നയതന്ത്രബന്ധങ്ങളില്‍ നിയമവാഴ്ചയും വിയന്ന കണ്‍വെന്‍ഷനെയും ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അടിവരയിട്ടതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

നിയമവാഴ്ച ഉയര്‍ത്തിപ്പിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും പ്രധാന്യത്തെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ട്രൂഡോ പോസ്റ്റ് പങ്കുവെച്ചത് പ്രകോപനം ഉണ്ടാക്കിയിരുന്നു.

യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദുമായി താന്‍ ഫോണിൽ സംസാരിച്ചെന്നും ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധിയെക്കുറിച്ചും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായും ട്രൂഡോ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

തിങ്കളാഴ്ച ജോര്‍ദാന്‍ രാജാവുമായുള്ള ചര്‍ച്ചയില്‍, പ്രധാനമന്ത്രി ട്രൂഡോ ‘ഇസ്രായേലിനെതിരായ ഹമാസിന്റെ വലിയ തോതിലുള്ള ആക്രമണങ്ങളെ അസന്ദിഗ്ധമായി അപലപിച്ചു, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ കാനഡ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന്’ അദ്ദേഹം വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ നടന്ന അതിക്രമങ്ങള്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും മേഖലയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും കാനഡ തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ട്രൂഡോ പരാമര്‍ശിച്ചു.

ഇന്ത്യ-കാനഡ തർക്കത്തിന് പിന്നിലെ കാരണമെന്ത്?

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍വെച്ച് കൊലപ്പെടുത്തിയതില്‍ ഇന്ത്യൻ ഏജന്റിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശപ്പെട്ട നിലയിലായത്. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആണെന്നതിന് ഇന്റലിജന്‍സ് തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജൂണ്‍ 18-ന് കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് അജ്ഞാതരായ തോക്കുധാരികള്‍ നിജ്ജാറിനെ കൊലപ്പെടുത്തുകയായിരുന്നു. നിരോധിച്ച സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായിരുന്നു ഇയാള്‍. 2020-ല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (UAPA) കീഴില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിജ്ജാറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍പോള്‍ അദ്ദേഹത്തിനെതിരെ നിരവധി തവണ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2016-ലാണ് ആദ്യത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

സെപ്റ്റംബറിൽ ന്യൂഡൽഹിയിൽവെച്ച് നടന്ന ജി20 സമ്മേളനത്തിനെത്തിയ ജസ്റ്റിൻ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡ പിന്തുണ നൽകുന്നുവെന്ന് പ്രധാനമന്ത്രിയും ആരോപിച്ചിരുന്നു. തുടർന്ന് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാവുകയും ഇരുരാജ്യങ്ങളും തങ്ങളുടെ രാജ്യത്തുള്ള നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. തൊട്ടുപിന്നാലെ, കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിറുത്തിവെച്ചു.