ഹമാസ് സംഘർഷം: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ ഏതെല്ലാം; ഹമാസിനൊപ്പം ആരൊക്കെ?|Israel-Hamas Conflict: Which Countries are Supporting Tel Aviv & Nations Backing Palestinian Group – News18 Malayalam


ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷമാരംഭിച്ചതോടെ നിരവധി രാജ്യങ്ങളാണ് ഇരു പക്ഷത്തുമായി നിലയുറപ്പിച്ചത്. ഹമാസിന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രായേലിന്റെ സ്വയം പ്രതിരോധവകാശത്തെ പിന്തുണച്ചും 84 രാജ്യങ്ങളാണ് മുന്നോട്ട് വന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങൾ പിന്തുണച്ചിട്ടുണ്ട്. ഇസ്രായേലിനേയും ഹമാസിനെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍

അമേരിക്ക

ഇസ്രായേലിനോടുള്ള തങ്ങളുടെ പിന്തുണ പാറ പോലെ ഉറച്ചതാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുഎസ് കപ്പലുകളോടും യുദ്ധവിമാനങ്ങളോടും ഇസ്രായേലിലേക്ക് അടുക്കാന്‍ ബൈഡന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ ഇസ്രായേലിന് യുഎസ് സൈനിക സഹായം നല്‍കുന്നുമുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇസ്രായേല്‍ സേനയ്ക്ക് ആവശ്യമായ എല്ലാ സൈനിക സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യിട്ടുണ്ട്.

ബ്രിട്ടണ്‍

സംഘര്‍ഷത്തില്‍ ഇസ്രായേലിനോടൊപ്പം നില്‍ക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. എല്ലാവിധ സഹായങ്ങള്‍ നല്‍കാനും തങ്ങള്‍ തയ്യാറാണെന്നും സുനക് പറഞ്ഞു.

ഫ്രാന്‍സ്

ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രംഗത്തെത്തി. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മാക്രോണ്‍ സംസാരിച്ചിരുന്നു. ഇസ്രായേലിനോടൊപ്പം അടിയുറച്ച് നില്‍ക്കുന്നുവെന്നാണ് മാക്രോണ്‍ പ്രഖ്യാപിച്ചത്. ഒപ്പം രാജ്യത്തെ ജൂത ആരാധാനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മാക്രോണ്‍ അറിയിച്ചു.

Also read- Explained | ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഹിസ്ബുള്ള എന്തുകൊണ്ട് ഹമാസിനൊപ്പം?

ഓസ്‌ട്രേലിയ

സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഓസ്‌ട്രേലിയയും സ്വീകരിച്ചത്. സ്വയം പ്രതിരോധിക്കുന്ന ഇസ്രായേലിനോടൊപ്പം നില്‍ക്കുന്നുവെന്നാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ഹമാസിനെ കുറ്റപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് രംഗത്തെത്തിയത്.

നോര്‍വേ

ഇസ്രായേലിന് നേരെയുള്ള പലസ്തീന്റെ അപ്രതീക്ഷിത ആക്രമണത്തെ അപലപിക്കുന്നുവെന്ന് നോര്‍വേ വിദേശകാര്യ വകുപ്പ് മന്ത്രി അനികേന്‍ ഹ്യൂട്ട്‌ഫെല്‍ഡ്റ്റ് പറഞ്ഞു. മുമ്പ് ഹ്യൂട്ട്‌ഫെല്‍ഡ്റ്റ് ഇസ്രായേല്‍, പലസ്തീന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടാത്തത് ഇരുപക്ഷത്തിനും അപകടകരമാണ് എന്ന് ഇദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ പ്രസ്താവന നടത്തി ഒരു മാസത്തിന് ശേഷമാണ് ഇസ്രായേലിനെ പിന്തുണച്ച് നോര്‍വേ രംഗത്തെത്തുന്നത്.

അതേസമയം ഓസ്ട്രിയ, ഇന്ത്യ, ജര്‍മനി, കാനഡ, പോളണ്ട്, സ്‌പെയിന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണങ്ങളെ ചെറുക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞത്.

പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍

ഇറാന്‍

പലസ്തീന്റെ ആവശ്യത്തിന് പിന്തുണ നല്‍കുന്ന രാജ്യമാണ് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പാലസ്തീന്‍ ഗ്രൂപ്പായ ഹമാസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇസ്ലാമിക് ജിഹാദുമായും ഇദ്ദേഹം സംസാരിച്ചിരുന്നു. ആക്രമണം വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

Also read-ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്നം തുടങ്ങിയത് എങ്ങനെ? ഇപ്പോൾ ഹമാസ് എന്തുകൊണ്ട് ആക്രമിച്ചു?

യെമന്‍

യെമന്റെ തലസ്ഥാനമായ സന നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ പലസ്തീന്‍ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിലൂടെ ഇസ്രായേലിന്റെ ബലഹീനതയും ദൗര്‍ബല്യവും വെളിപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

സൗദി അറേബ്യ

ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു സൗദി അറേബ്യ. സൗദി-ഇസ്രായേല്‍ ചര്‍ച്ചകളിലെ എക്കാലത്തേയും തര്‍ക്കവിഷയാണ് പലസ്തീന്‍. ഇക്കഴിഞ്ഞ മാസങ്ങളിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും സൗദി കിരീടവകാശിയുമായുള്ള ചര്‍ച്ചകള്‍ ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്‍ മുന്‍കൈയെടുത്തത്. എന്നാല്‍ നിലവിലെ സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നാണ് കരുതുന്നത്.

ഖത്തര്‍

ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഖത്തറിന്റേത്. പലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിന് ആണെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.