അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും തടയണം; കാനഡയോട് ഇന്ത്യ
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളും തടയാൻ കാനഡ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിൽ ആണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്സൽ പീരിയോഡിക് റിവ്യൂവിന്റെ (യുപിആർ) ഭാഗമായാണ് ഇന്ത്യ ഈ അഭ്യർത്ഥന നടത്തിയത്. ഇതിൽ ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളുടെയും മനുഷ്യാവകാശ രേഖകൾ പതിവായി വിലയിരുത്തപ്പെടും.
അതേസമയം യുപിആർ പ്രക്രിയയിൽ ഇതുവരെ 14 രാജ്യങ്ങളെയാണ് അവലോകനം ചെയ്തത്. ഇതിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലെ എല്ലാ അംഗങ്ങളും യുപിആർ വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ട്. ഇതിന്റെ 44-ാമത് സെഷന്റെ ഭാഗമായാണ് കാനഡയെ വിലയിരുത്തിയത്. ഇന്ത്യയുടെ പ്രസ്താവന അവതരിപ്പിച്ചുകൊണ്ട് ഫസ്റ്റ് സെക്രട്ടറി കെ.എസ് മുഹമ്മദ് ഹുസൈൻ ആണ് ഈ സെഷനിൽ പങ്കെടുത്തത്. തുടർന്ന് കാനഡയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
Also read- ‘വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍….’: ഇന്ത്യക്കെതിരേ വീണ്ടും ജസ്റ്റിന്‍ ട്രൂഡോ
അതിനാൽ കാനഡയിൽ തീവ്രവാദ ഗ്രൂപ്പുകളും മറ്റും അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള ശക്തമായ ആഭ്യന്തര നടപടികൾ കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതോടൊപ്പം മതപരവും വംശീയപരവുമായ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാനും വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും വിലക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും ഇന്ത്യൻ നയതന്ത്രജ്ഞൻ കാനഡയ്ക്ക് നിർദേശം നൽകി. കൂടാതെ തദ്ദേശീയ ഗ്രൂപ്പുകളിൽപ്പെട്ട കുട്ടികൾക്കെതിരായ വിവേചനം അവസാനിപ്പിക്കുകയും എല്ലാ കുട്ടികൾക്കും കൃത്യമായി സേവനങ്ങൾ നൽകാത്തതിലെ അസമത്വം പരിഹരിക്കണമെന്നും ഹുസൈൻ അവലോകന യോഗത്തിൽ കാനഡയോട് അഭ്യർത്ഥിച്ചു.
അതേസമയം ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ അവലോകനം എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഈ ആരോപണത്തിൽ ശക്തമായ തെളിവുകൾ ഹാജരാക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ഈ വിഷയം നയതന്ത്ര തർക്കത്തിനും നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലേയ്ക്കും നയിച്ചിരുന്നു.