ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ ഇസ്രായേൽ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നു. അൽ ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ താവളങ്ങളിലൊന്നാണ് എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹമാസ് തള്ളുകയാണ് ചെയ്യുന്നത്. ആശുപത്രിക്കുള്ളിൽ നവജാതശിശുക്കൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. 600-ലധികം രോഗികളും, അഞ്ഞൂറോളം ആരോഗ്യ പ്രവർത്തകരും, 1,500 ഓളം അഭയാർത്ഥികളും ഇവിടെയുണ്ട്.
എന്തിനാണ് റെയ്ഡ്?
അൽ-ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ പ്രവർത്തന കേന്ദ്രങ്ങളിലൊന്നാണെന്ന് ഇസ്രായേൽ പറയുന്നു. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടാണ് റെയ്ഡ് നടത്തുന്നത്. ടാങ്കുകൾ, സൈന്യത്തിന്റെ വാഹനങ്ങൾ, ബുൾഡോസറുകൾ തുടങ്ങിയവയെല്ലാമായാണ് ഇസ്രായേൽ സേന ആശുപത്രിയിലെത്തിയത്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, നൂറോളം കമാൻഡോകളും സൈന്യത്തിന്റെ ആറ് ടാങ്കുകളും ആശുപത്രി സമുച്ചയത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ട്. സർജിക്കൽ, അത്യാഹിത വിഭാഗങ്ങളിലുള്ളവർ ഒഴികെ, 16-നും 40-നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും, ആശുപത്രിയുടെ നടുമുറ്റത്തേക്ക് വരാൻ സൈന്യം ആവശ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സേന എന്താണ് കണ്ടെത്തിയത്?
ആശുപത്രി സമുച്ചയത്തിനുള്ളിൽ വെച്ച് നിരവധി ഹമാസ് അംഗങ്ങളെ കണ്ടെത്തിയെന്നും അവരെ വധിച്ചതായും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ ഒരു ഓപ്പറേഷണൽ കമാൻഡ് സെന്റർ, ആയുധങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.
എംആർഐ സ്കാനറുകൾക്ക് പിന്നിൽ ഒളിപ്പിച്ച എകെ 47 തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇസ്രായേൽ സേനയുടെ വക്താവ് ജോനാഥൻ കോൺറിക്കസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കാണിക്കുന്നുണ്ട്. ഇവിടുത്തെ സെക്യൂരിറ്റി ക്യാമറകൾ മറച്ചു വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ”അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, ആസൂത്രിതമായി ഹമാസ് ആശുപത്രിയെ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ നടത്താനായി ഉപയോഗിച്ചു. ഇനിയും ധാരാളം കാര്യങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്”, കോൺറിക്കസ് കൂട്ടിച്ചേർത്തു. ആശുപത്രിക്കുള്ളിൽ ബന്ദികളുണ്ടോ എന്ന കാര്യം സൈന്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇതേക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും ഇസ്രായേൽ റേഡിയോ റിപ്പോർട്ട് ചെയ്തു.
അൽ-ഷിഫ ഹോസ്പിറ്റലിനു കീഴിലുള്ള ഹമാസിന്റെ ഭൂഗർഭ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ താൻ പങ്കിടുമെന്നും കൂടുതൽ കാര്യങ്ങൾ അപ്പോൾ വ്യക്തമാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് റെഗെവ് ബിബിസി ന്യൂസ് ചാനലിനോട് പറഞ്ഞു.
ഹമാസിന്റെ പ്രതികരണം
അൽ-ഷിഫ ആശുപത്രിക്കു താഴെ തങ്ങളുടെ കേന്ദ്രം ഉണ്ടെന്ന ഇസ്രായേലിന്റെ വാദങ്ങൾ ഹമാസ് നിഷേധിച്ചു. തരംതാണ പ്രചാരണങ്ങളാണ് ഇതെന്നും ഹമാസ് ആരോപിച്ചു. അൽ-ഷിഫ ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലാണെന്നും ഹമാസ് സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന മീഡിയ ഓഫീസ് അറിയിച്ചു. ”മെഡിക്കൽ ഉദ്യോഗസ്ഥർ, പരിക്കേറ്റവർ, രോഗികൾ, മാസം തികയാതെ ജനിച്ച കുട്ടികൾ, കുടിയിറക്കപ്പെട്ടവർ എന്നിവരുടെ ജീവനും സുരക്ഷയ്ക്കും ഇസ്രായേൽ സേന പൂർണ ഉത്തരവാദികളാണ്”, എന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.