വിദേശ രാജ്യങ്ങളിൽ അറസ്റ്റിലായ ഭിക്ഷാടകരിൽ ഭൂരിഭാഗവും പാക്കിസ്ഥാനിൽ നിന്നുള്ളവരെന്ന് റിപ്പോർട്ട്. ലോകത്ത് ഭിക്ഷാടകരെ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന പേരും ഇതോടെ പാകിസ്ഥാൻ സമ്പാദിച്ചിരിക്കുകയാണ്. വിദേശത്ത് പാകിസ്ഥാനിൽ നിന്ന് എത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആണ് പാക് വിദേശ കാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അതിവിദഗ്ധരായ തൊഴിലാളികൾ പോലും ജോലി ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സുൽഫിക്കർ ഹൈദർ ഉൾപ്പടെ ഉള്ള വിദഗ്ധരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
വിദേശ രാജ്യങ്ങളിൽ ഇതിനോടകം അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും പാക് വംശജരാണെന്നും ഹൈദർ ചർച്ചയിൽ വ്യക്തമാക്കിയതായി ദ ഡോൺ റിപ്പോർട്ട് ചെയ്തു. കൂടാതെ സൗദി അറേബ്യ, ഇറാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനായി നിരവധി ഭിക്ഷാടകർ തീർത്ഥാടനത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിസ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പുണ്യ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ പോക്കറ്റടിക്കാരിൽ മിക്ക ആളുകളും പാക്കിസ്ഥാനിൽ നിന്നുള്ള ആളുകളാണെന്നും വ്യക്തമായതായാണ് റിപ്പോർട്ട്.
അതേസമയം ഇത്തരത്തിലുള്ള ആളുകൾ ഇപ്പോൾ ലക്ഷ്യ സ്ഥാനമായി ജപ്പാനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഹൈദർ പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഇതുവരെ വിദഗ്ധ തൊഴിലാളികളെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതിൽ പാക്കിസ്ഥാന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിശീലനം ലഭിക്കാത്ത ആളുകളെക്കാൾ അതിവിദഗ്ധരായ തൊഴിലാളികൾക്കാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പാക്കിസ്ഥാനിൽ ഇതിനോടകം തന്നെ 5000 ത്തോളം എഞ്ചിനീയർമാർ തൊഴിൽരഹിതരാണ് എന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ഏകദേശം മൂന്നു ലക്ഷം ആളുകൾ സൗദി അറേബ്യയിലും 1.5 ദശ ലക്ഷം ആളുകൾ യുഎഇയിലും 0.2 ദശലക്ഷം ആളുകൾ ഖത്തറിലും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹജ്ജ് ക്വാട്ടയിൽ തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പാകിസ്ഥാന് കഴിഞ്ഞ ദിവസം സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീര്‍ത്ഥാടന സ്ഥലത്ത് നിന്ന് അറസ്റ്റിലായ ഭിക്ഷക്കാരില്‍ 90 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സൌദി വ്യക്തമാക്കി. ഉംറ വിസയില്‍ എത്തിയവരാണ് ഇവരെന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ‘ഞങ്ങളുടെ ജയിലുകള്‍ നിങ്ങളുടെ തടവുകാരാല്‍ നിറഞ്ഞിരിക്കുന്നു,’എന്നും സൗദി അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം മക്കയിലെ മസ്ജിദുല്‍-അല്‍-ഹറമിന് സമീപത്ത് നിന്നും കണ്ടെത്തിയ പോക്കറ്റടിക്കാരെല്ലാം തങ്ങളുടെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന് പാക് വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു.അറബ് വിസയില്ലാതെ ഉംറ വിസയിലാണ് ഇവരെല്ലാം എത്തുന്നത് എന്ന കാര്യമാണ് സൗദിയെ നിരാശപ്പെടുത്തുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.