LGBTQ+ നിയമവിരുദ്ധമാക്കാൻ റഷ്യ; പുരുഷാധിപത്യ ആശയങ്ങളുമായി പുടിന്‍ 


എല്‍ജിബിടിക്യൂ+ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലെ നീതിന്യായ വകുപ്പ് രാജ്യത്തെ പരമോന്നത സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനകള്‍ക്കെന്ന് ആരോപിച്ചാണ് നീക്കം.

റഷ്യയില്‍ നിന്ന് എല്‍ജിബിടിക്യൂ+ വിഭാഗത്തെ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പകരം റഷ്യയുടെ പൗരാണിക ആശയമായ പുരുഷാധിപത്യത്തെ രാജ്യത്ത് അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷാധിപത്യത്തെ സമൂഹത്തില്‍ കൊണ്ടുവരുന്നതും എല്‍ജിബിടിക്യൂ+ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതും നിലവിലെ സര്‍ക്കാരിന്റെ വ്യക്തമായ അജണ്ടകളിലൊന്നാണ്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സ്വാധീനമുറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും.

യുക്രൈന്‍ യുദ്ധസമയത്തും ഹോമോഫോബിയ പ്രചരണം

ഒരു പതിറ്റാണ്ട് മുമ്പാണ് എല്‍ജിബിടിക്യൂ+ വിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം ആരംഭിച്ചത്. 2013ല്‍ എല്‍ജിബിടിക്യൂ+ വിഭാഗത്തിന്റെ അവകാശങ്ങള്‍ നിയന്ത്രിക്കുന്ന നിയമം റഷ്യയിലെ നിയമനിര്‍മ്മാണ വിഭാഗം പാസാക്കിയിരുന്നു. ഗേ പ്രൊപ്പഗാൻഡ നിയമം എന്നാണ് ഈ നിയമനിര്‍മ്മാണം അറിയപ്പെട്ടത്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രി ഹമാസിന്റെ ഒളിസങ്കേതമെന്ന് ഇസ്രായേൽ; കുടുങ്ങിയിരിക്കുന്നത് നൂറുകണക്കിനാളുകൾ

2020 ആയപ്പോഴേക്കും തന്റെ ഭരണകാലാവധി വീണ്ടും നീട്ടിക്കൊണ്ട് പുടിന്‍ ഭരണഘടനാ പരിഷ്‌കാരം കൊണ്ടുവന്നിരുന്നു. അതിന് പിന്നാലെ സ്വവര്‍ഗ്ഗ വിവാഹം നിയമവിരുദ്ധമാക്കുകയും ചെയ്തു. 2022ല്‍ ‘പാരമ്പര്യമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍’ നിരോധിക്കുന്ന നിയമം അധികൃതര്‍ അംഗീകരിച്ചു. എല്‍ജിബിടിക്യൂ+ വിഭാഗത്തിന്റെ പൊതു സ്വീകാര്യത ഇല്ലാതാക്കുകയായിരുന്നു ഈ നിയമത്തിലൂടെ ലക്ഷ്യമിട്ടത്.

നിയമം കര്‍ശനമാക്കുന്നു

എല്‍ജിബിടിക്യൂ+ വ്യക്തികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന റഷ്യന്‍ സര്‍ക്കാര്‍ യുക്രൈന്‍ യുദ്ധത്തെ ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനായി ‘പരമ്പരാഗത മൂല്യ’ങ്ങളെയാണ് അവര്‍ കൂട്ടുപിടിക്കുന്നത്.

ഗേ പ്രൊപ്പഗാൻഡ നിയമനിര്‍മ്മാണം റഷ്യയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും അന്തരാഷ്ട്ര തലത്തിലും ചര്‍ച്ചയായി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഈ നിയമത്തിന്റെ വ്യാപ്തി അധികൃതർ വര്‍ധിപ്പിച്ചു. അതിന്റെ ഭാഗമായി 2020ല്‍ സ്വവര്‍ഗ വിവാഹത്തിന് വ്യക്തമായ നിരോധനം എര്‍പ്പെടുത്തുകയും ചെയ്തു.കൂടാതെ ഈ വര്‍ഷമാദ്യം ട്രാന്‍സ് വിഭാഗത്തിലുള്ളവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലും മറ്റ് നടപടി ക്രമങ്ങളിലും റഷ്യന്‍ സര്‍ക്കാര്‍ കൈവെച്ചു. ഇവയ്ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടര്‍ന്നത്. കൂടാതെ ലിംഗമാറ്റം നടത്തിയവര്‍ക്കുള്ള ദത്താവകാശ നിയമങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു.

എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് – ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ

പുരുഷാധിപത്യ ആശയം മുന്നോട്ട് വെച്ച് പുടിന്‍

പാശ്ചാത്യ ലിബറല്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തന്റെ രാജ്യത്തെ വളര്‍ത്തിയെടുക്കാനാണ് പുടിന്‍ ശ്രമിക്കുന്നത്. യാഥാസ്ഥിതിക അജണ്ടയാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.പാശ്ചാത്യ ആശയങ്ങളുടെ സ്വാധീനത്തിന്റെ ഫലമാണ് എല്‍ജിബിടിക്യൂ+ വിഭാഗത്തിന്റെ വളര്‍ച്ചയെന്ന് തെളിയിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. സ്വവര്‍ഗ മാതാപിതാക്കളോടുള്ള തന്റെ വിരോധം പുടിന്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

” റഷ്യയില്‍ അച്ഛനും അമ്മയ്ക്കും പകരം, പാരന്റ് നമ്പര്‍ 1, പാരന്റ് നമ്പര്‍ 2, പാരന്റ് നമ്പര്‍ 3 എന്നിവ വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം?,” സെപ്റ്റംബറില്‍ നടത്തിയൊരു പ്രസംഗത്തില്‍ പുടിന്‍ ഇങ്ങനെ ചോദിച്ചിരുന്നു.

റഷ്യയെ മുന്നില്‍ നിന്ന് നയിക്കുന്നതിന് ആവശ്യമായ പൗരുഷമുള്ള നേതൃത്വമാണ് തന്റേതെന്ന് പ്രകടിപ്പിക്കുന്ന പ്രതിഛായ ഉണ്ടാക്കിയെടുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അത്‌ലറ്റിക്, ഹോഴ്‌സ് റൈഡിംഗ്, നടത്തം, തുടങ്ങിയ പുരുഷ കേന്ദ്രീകൃത മേഖലകളിലെ പുടിന്റെ പ്രാവിണ്യം വിളിച്ചോതുന്ന പ്രചരണങ്ങളും ഇതിനോടകം റഷ്യയില്‍ നടന്നു വരികയാണ്.