‘പാവപ്പെട്ട കുടുംബത്തിലെ കുട്ടിയെ ജിഹാദി ​ഗ്രൂപ്പിന് വിറ്റത് 40,000 രൂപക്ക്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ


പാകിസ്ഥാൻ സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിനു വേണ്ടിയല്ലെന്നും മറിച്ച് അവരുടെ തന്നെ വളർച്ചക്കും വിദേശത്ത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാണെന്നും ഇന്ത്യയിൽ നിന്നുള്ള രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ”ദക്ഷിണ പഞ്ചാബിൽ നിന്നുള്ള ഒരു പാവപ്പെട്ടയാൾ തന്റെ മകനെ ഒരു മത നേതാവിന് കൈമാറിയ സംഭവം കണ്ടെത്തിയിരുന്നു. തനിക്ക് ഇനി ഒരിക്കലും അവനെ കാണാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 40,000 രൂപയ്ക്കാണ് ആ കുട്ടിയെ ജിഹാദി ​ഗ്രൂപ്പിന് വിറ്റത്. ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും ഇത്തരം വലിയ ബിസിനസുകളാണ് നടക്കുന്നത്”, അന്വേഷണ ഏജൻസികളിലെ ചില വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ ഒരു രാജ്യമെന്ന നിലയിൽ ഗുരുതരമായ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അവ മറികടക്കാൻ അവർ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതായും സ്രോതസുകൾ പറയുന്നു. ”ഇവരുടെ ഇത്തരം പ്രവർത്തനങ്ങൾ കശ്മീരിൽ നിന്നാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതൽ അവരുടെ സൈനികരെ, ഇന്ത്യൻ സൈന്യം രാജ്യദ്രോഹികളാണ് എന്നു പറഞ്ഞു പഠിപ്പിക്കുന്നു, മതത്തെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നു”, അന്വേഷണ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. മുഹമ്മദ് അയൂബ് ഖാൻ, ടിക്കാ ഖാൻ മുതൽ യഹ്യാ ഖാൻ തുടങ്ങി പല പ്രമുഖ പാകിസ്ഥാൻ ആർമി ജനറൽമാരും ഇന്ത്യയ്ക്കും ഇന്ത്യൻ സൈനികർക്കും എതിരായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ മതപരമായ ഇത്തരം കാര്യങ്ങളെ മുതലെടുത്തതായും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. ജിഹാദിൽ പൗരൻമാരും പങ്കാളികളാകണമെന്ന് മുൻ പാക് പ്രസിഡന്റായ സിയ ഉൾ ഹഖ് ആഗ്രഹിച്ചിരുന്നായും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

Also read-ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

“പരസ്പരം സഹകരിച്ചു പ്രവൃത്തിക്കേണ്ടത് അവർക്ക് ആവശ്യമായിരുന്നു. ജിഹാദികളിൽ ഒരു ശതമാനം ആളുകൾ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. സൈന്യത്തിലെ ഉന്നത നേതൃത്വം ഈ കേഡർമാരെ വിവിധ മേഖലകളിലേക്ക് വിന്യസിക്കുന്നു. ഇവർ ലക്ഷ്യം വെയ്ക്കുന്ന ഒരു പ്രധാന പ്രദേശം കശ്മീരാണ്. അവിടെ അവർ നിയന്ത്രണ രേഖയിലൂടെ (എൽഒസി) നുഴഞ്ഞു കയറുന്നു”, വൃത്തങ്ങൾ പറഞ്ഞു. ”ഇവിടെയെത്തി പത്തു പേരെയെങ്കിലും അവർ തങ്ങളിലേക്ക് ആകർഷിക്കുകയും പിന്നീട് മരിക്കുകയും ചെയ്താൽ അവരെ രക്തസാക്ഷികളായി കണക്കാക്കുന്നു. റമദാനിൽ അവർക്ക് കൂടുതൽ സകാത്ത് (സംഭാവനകൾ) ലഭിക്കാറുണ്ട്. ഈ പണം പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുൾ എന്നീ തീവ്രവാദ സംഘടനകളുടെ ഉന്നത നേതാക്കളുടെ വ്യക്തിപരമായ ഉപയോഗത്തിനായാണ് ചെലവഴിക്കുന്നത്”, അന്വേഷണ ഏജൻസികളിലെ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

പർവേസ് മുഷറഫ്, അഷ്ഫാഖ് പർവേസ് കയാനി, മുൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ചീഫ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷുജാ പാഷ, ലഫ്റ്റനന്റ് ജനറൽ അസിം ബജ്‌വ തുടങ്ങി ഒരു പാക്കിസ്ഥാൻ ജനറലും ദീർഘകാലം രാജ്യത്ത് തങ്ങിയിട്ടില്ല. ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കുകയും, പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ വലിയ ഫാം ഹൗസുകളുടെ ഉടമകളായി മാറുകയും വിദേശ സ്വത്തുക്കൾ വാങ്ങുകയും ചെയ്തെന്നും ഇങ്ങനെ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. വിദേശത്ത് നിക്ഷേപം നടത്തിയതിന് പാഷയെ ചോദ്യം ചെയ്തിരുന്നു. മുഷറഫും കയാനിയും വിദേശത്താണ് താമസിക്കുന്നത്. വിരമിച്ചതിന് ശേഷം ബജ്‌വയെ പാകിസ്ഥാനിൽ കാണാനില്ല എന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടി.