ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിന് കരാറിന് തയ്യാറായി ഇസ്രായേൽ; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും


ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് കരാർ. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. വെടിനിർത്തലിനു പകരമായി ആദ്യഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിക്കുക.

അതേസമയം, ഹമാസിനെ തുടച്ചു നീക്കാതെ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. 150 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസത്തിൽ 50 ബന്ദികൾ എന്ന നിലയിലാണ് മോചനം. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നും ഇസ്രായേൽ അറിയിച്ചു.

അഭയാർത്ഥികളെ പുറത്താക്കൽ; പാകിസ്ഥാനിൽ നിന്നും വെളിയിലായത് നാല് ലക്ഷത്തിലേറെ അഫ്ഗാനികൾ

അതിനിടയിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേൽ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ ഷിഫ ആശുപത്രിയിലാണ്. എന്നാൽ ഹമാസിന്റെ പ്രവർത്തനം ഷിഫ ആശുപത്രിയുടെ മറവിൽ ആണെന്നും സൈനിക ലക്ഷ്യങ്ങൾക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആണ് ഇസ്രായേലിന്റെ ആരോപണം. കൂടാതെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ കമാൻഡ് സെന്ററുകൾ സ്ഥാപിച്ചുകൊണ്ട് ഹമാസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.