സാമ്പത്തിക പ്രതിസന്ധി; കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി പാകിസ്ഥാന്‍ ഇന്റർനാഷണൽ എയർലൈൻസ്


സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാകിസ്ഥാൻ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) കൂടുതൽവിമാന സര്‍വീസുകളും നിര്‍ത്തലാക്കി. അടുത്ത കുറച്ച് മാസത്തേക്ക് മാത്രം പ്രവര്‍ത്തിക്കാനുള്ള പരിമിതമായ ഫണ്ട് മാത്രമേ പിഐഎയുടെ പക്കലുള്ളൂ. പ്രധാന പ്രവര്‍ത്തനങ്ങളും മറ്റ് ആസ്തികളും വില്‍പ്പനയ്ക്ക് വെക്കുമെന്ന് പിഐഎ അധികൃതർ അറിയിച്ചു. പിഐഎ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പാകിസ്ഥാന്‍ വ്യോമയാന മന്ത്രാലയം ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കടക്കാര്‍, വിമാനം വാടകയ്ക്കെടുക്കുന്നവര്‍, ഇന്ധന വിതരണക്കാര്‍, ഇന്‍ഷുറന്‍സ്, അന്താരാഷ്ട്ര, ആഭ്യന്തര എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, കൂടാതെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (IATA) എന്നിവരോട് പിഐഎ വലിയ തുകക്ക് കടപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ലീസിനെടുത്ത 13 വിമാനങ്ങളില്‍ അഞ്ചെണ്ണത്തിന്റെ സര്‍വീസ് കൂടി പിഐഎ നിര്‍ത്തി. കൂടാതെ നാല് വിമാനങ്ങളുടെ സര്‍വീസ് കൂടി നിര്‍ത്തുമെന്നാണ് കരുതുന്നത്. ബോയിംഗും എയര്‍ബസും സെപ്റ്റംബര്‍ പകുതിയോടെ സ്പെയര്‍ പാര്‍ട്സുകളുടെ വിതരണം നിര്‍ത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് വ്യോമയാന മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

Also read-9/11 ഭീകരാക്രമണത്തിന് 22 വയസ്സ്; രണ്ട് ഇരകളെ കൂടി തിരിച്ചറിഞ്ഞു; ഇനിയും തിരിച്ചറിയാത്ത ആയിരത്തിലധികം മനുഷ്യാവശിഷ്ടങ്ങള്‍

ആഭ്യന്തര ഏജന്‍സികള്‍ക്കുള്ള തീരുവകളും നികുതികളും സേവന നിരക്കുകളും താല്‍ക്കാലികമായി നിര്‍ത്തിവക്കുമ്പോള്‍, 23 ബില്യണ്‍ രൂപയുടെ മൂല്യമുള്ള ഫണ്ടിംഗ് ഉറപ്പാക്കണമെന്ന് വ്യോമയാന മന്ത്രാലയം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി പത്രം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യോമയാന മന്ത്രാലയം തങ്ങളുടെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രായോഗിക പദ്ധതി അവതരിപ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മേഖലയെ പഴയതുപോലെയാക്കുന്നതിന് മാസങ്ങളെടുക്കുമെന്ന് മന്ത്രാലയം പറഞ്ഞു, ഈ സമയങ്ങളില്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. പിഐഎയുടെ 92% വിഹിതം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്.

പിഐഎക്ക് 745 ബില്യണ്‍ രൂപയുടെ കടബാധ്യതകള്‍ ഉണ്ട്, ഡോണ്‍ പത്ര റിപ്പോർട്ട് പ്രകാരം പിഐഎയുടെ മൊത്തം ആസ്തിയുടെ മൂല്യത്തേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്ന് പാകിസ്ഥാന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. സ്ഥിതി തുടര്‍ന്നാല്‍, പിഐഎയുടെ കടവും ബാധ്യതകളും 1,977 ബില്യണായി ഉയരുമെന്നും 2030 ഓടെ വാര്‍ഷിക നഷ്ടം 259 ബില്യണായി ഉയരുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ പാകിസ്ഥാന്റെ വിമാനങ്ങള്‍ സൗദി പിടിച്ചിട്ടിരിക്കുകയാണ്. കുടിശ്ശിക തുകയായ 8.2 ദശലക്ഷം റിയാല്‍ നല്‍കണമെന്നാണ് സൗദി അറേബ്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പിഐഎയെ അറിയിച്ചിരിക്കുന്നത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ഈ കഴിഞ്ഞ ജൂണില്‍ പാകിസ്ഥാന്റെ വിമാനം മലേഷ്യയിലും പിടിച്ചിരുന്നു.