ന്യൂഡൽഹി: ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. കഴിഞ്ഞ വർഷം അറസ്‌റ്റ് ചെയ്‌ത എട്ട് മുൻ ഇന്ത്യൻ നാവിക സേനഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെയുള്ള ഇന്ത്യയുടെ അപ്പീലാണ് കോടതി സ്വീകരിച്ചത്. അപ്പീൽ വിശദമായ പഠിച്ച ശേഷമാകും കോടതി അടുത്ത വാദം കേൾക്കുക.
ഒക്ടോബർ 26നാണ് ഖത്തർ കോടതി എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. വിധിയിൽ വിദേശകാര്യ മന്ത്രാലയം ഞെട്ടൽ രേഖപ്പെടുത്തുകയും സർക്കാർനിയമപരമായ എല്ലാ വഴികളും ആരായുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന എട്ട് ഉദ്യോഗസ്ഥരാണ് 2022ൽ ഖത്തറിൽ തടവിലായത്. അന്ന് മുതൽ ഇവർ ഏകാന്ത തടവിൽ കഴിയുകയാണ്. ഇവരെ തടങ്കലിൽ വച്ചിരിക്കുന്നതിന്റെ കാരണം കുടുംബത്തോട് പോലും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Also read-ചാരവൃത്തി ആരോപണത്തിൽ മലയാളി ഉൾപ്പെടെ 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷ
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് ദോഹയിൽ അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഇവരുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ കേസ് വലിയ പ്രാധാന്യത്തോടെ ആണ് കേന്ദ്ര സർക്കാർ നോക്കികാണുന്നതെന്നും കുടുംബങ്ങളെ അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ ഈ വിഷയത്തിൽ അവരുടെ മോചനത്തിനായി സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്നും എസ് ജയശങ്കർ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ സായുധ സേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്നവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൌരന്മാർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചാരവൃത്തി ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.