റഷ്യന്‍ സൈനികരെ സന്തോഷിപ്പിക്കാൻ പാട്ടുപാടവേ നര്‍ത്തകി കൊല്ലപ്പെട്ടു



മോസ്‌കോ: സൈനികർക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നവംബർ 19-ന് ആണ് സംഭവം. പോളിന മെൻഷിഖ് എന്ന നർത്തകിയാണ് കൊല്ലപ്പെട്ടത്. അധിനിവേശ ഉക്രെയ്നിലെ ഒരു ഡാൻസ് ഹാളിൽ വെച്ച് പാട്ടുപാടുന്നതിനിടെ ഇവിടെ ഷെല്ലാക്രമണം ഉണ്ടാവുകയായിയിരുന്നു. ആക്രമണത്തിൽ 20 ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ പറഞ്ഞു.

150 ഓളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ഡാൻസ് ഹാളിൽ മെൻഷിഖ് ഒരു പ്രകടനം നടത്തുകയായിരുന്നുവെന്ന് പ്രാദേശിക റിപ്പോർട്ടിംഗ് പറയുന്നു. യുദ്ധത്തിലേര്‍പ്പെട്ട റഷ്യന്‍ സൈനീകരെ സന്തോഷിപ്പിക്കുന്നതിനായി പാടുപാടിക്കൊണ്ടിരിക്കവെയാണ് പോളിന കൊല്ലപ്പെട്ടത്. നേരത്തെ റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 2014 ലെ ക്രിമിയ യുദ്ധത്തിനിടെയാണ് റഷ്യ കീഴടക്കിയ പ്രദേശമാണ് കുമാചോവ്. ഗ്രാമം യുദ്ധമുഖത്ത് നിന്നും 60 കിലോമീറ്റര്‍ ഉള്ളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധമുഖത്ത് പോരാടുകയായിരുന്ന റഷ്യന്‍ സൈനികര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പാട്ടുപാടുകയായിരുന്നു കൊല്ലപ്പെട്ട റഷ്യന്‍ നടി പോളിന മെൻഷിഖ്.

എന്നാല്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളെ കുറിച്ച് പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ആക്രമണത്തിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. പോളിന മെൻഷിഖ് പാടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു സ്ഫോടനം നടക്കുകയും ഹാളിലെ ലൈറ്റുകള്‍ ഓഫാകുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഈ സമയം ഇവര്‍ സ്റ്റേജില്‍ ഗിറ്റാര്‍ വായിക്കുകയും പാട്ട് പാടുകയുമായിരുന്നു.