കൊടിയ വിഷമുള്ള പാമ്പ് ജനവാസമേഖലയില്‍, ആരും പുറത്തിറങ്ങരുതെന്ന് നഗരവാസികള്‍ക്ക് പൊലീസിന്റെ നിര്‍ദ്ദേശം


ടില്‍ബര്‍ഗ്: വീട്ടിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയത് മാരക വിഷമുള്ള പാമ്പ്. നഗരവാസികളോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. നെതര്‍ലാന്‍ഡിലെ ടില്‍ബര്‍ഗിലാണ് സംഭവം. മാരക വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിലുള്ള ഗ്രീന്‍ മാമ്പയാണ് ഉടമയുടെ കൂട്ടില്‍ നിന്ന് ചാടിപ്പോയത്. ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ സാധാരണയായി കാണാറുള്ള വിഷ പാമ്പാണ് നെതര്‍ലാന്‍ഡില്‍ ഭീതി പടര്‍ത്തിയിരിക്കുന്നത്. രണ്ട് മീറ്റര്‍ നീളമുള്ള വിഷ പാമ്പ് ചാടിപ്പോയെന്ന് വ്യക്തമാക്കി തിങ്കളാഴ്ചയാണ് ഉടമ പൊലീസ് സഹായം തേടിയത്. വീട്ടിലും പരിസരത്തും പാമ്പിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്.

ഇതിന് പിന്നാലെയാണ് പൊലീസ് നഗരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാമ്പ് വിദഗ്ധരായ ആളുകളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. സ്‌നിഫര്‍ നായകള്‍ അടക്കമുള്ള പൊലീസ് സംഘമാണ് പാമ്പിനെ തേടി നഗരപരിധിയില്‍ തെരച്ചില്‍ നടത്തുന്നത്. അതീവ മാരക വിഷമുള്ള ഇവയുടെ കടിയേറ്റാല്‍ മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ ചികിത്സ തേടിയില്ലെങ്കില്‍ കടിയേറ്റയാളുടെ ജീവന്‍ വരെ അപകടത്തിലാവാനുള്ള സാധ്യത ഏറെയാണ്. തണുപ്പേറിയ നെതര്‍ലാന്‍ഡിലെ കാലാവസ്ഥയില്‍ പാമ്പ് തുറന്നയിടങ്ങളിലും പുറത്തും തങ്ങാനുള്ള സാധ്യത കുറവായതാണ് ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. ഇരുട്ടും ചൂടുള്ളതുമായ അന്തരീക്ഷം ഇഷ്ടപ്പെടുന്ന ഇവ വീടുകള്‍ക്കുള്ളിലേക്ക് കയറാനുള്ള സാധ്യത ഏറെയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കണ്ടെത്തിയാല്‍ പാമ്പിനെ ഒരു തരത്തിലും ശല്യപ്പെടുത്താതെ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് മുന്നറിയിപ്പ്.

പൊതുവേ ആക്രമണകാരിയല്ലെങ്കിലും ആളുകളുടെ മുന്നില്‍ എത്തിയാല്‍ ആക്രമണ സ്വഭാവം കാണിക്കാന്‍ ഇവ മടിക്കാറില്ല. തലച്ചോറിനേയും ഹൃദയത്തേയും ഒരു പോലെ ബാധിക്കുന്നുവെന്നതാണ് ഇവയുടെ ആക്രമണം അതീവ അപകടകരമാകാന്‍ കാരണമായിട്ടുള്ളത്.