‘കമ്യൂണിസ്റ്റുകാർ കൊന്നത് ഹിറ്റ്ലറേക്കാൾ കൂടുതൽ, പലരാജ്യത്തെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസം’-രചയിതാവിന് അവാർഡ്
തിരുവനന്തപുരം: കമ്യൂണിസ്റ്റ് വിരുദ്ധനായ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് അവാർഡ് നൽകാനുള്ള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തീരുമാനത്തിനെതിരെ ഇടത് കേന്ദ്രങ്ങളിൽ വ്യാപക അതൃപ്തി. കമ്യൂണിസ്റ്റുകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുന്ന ആളാണ് സനൂസി. സനൂസിയുടെ വിഖ്യാതമായ രണ്ടു ചിത്രങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധമാണ്. ഹിറ്റ്ലർ കൊലപ്പെടുത്തിയതിനെക്കാൾ കൂടുതൽ പേരെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പല വേദികളിലും സനൂസി ആവർത്തിച്ചിട്ടുണ്ട്.
പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്ന് വിശ്വസിക്കുകയും അത് നിർഭയം വിളിച്ചുപറയുകയും ചെയ്യുന്ന സനൂസിക്ക് 28ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകാനാണ് സാംസ്കാരിക വകുപ്പിന്റെ തീരുമാനം.പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്. സനൂസിയുടെ ആറ് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. പെർഫക്റ്റ് നമ്പർ, ദ ഇല്യുമിനേഷൻ, ദ കോൺട്രാക്റ്റ്, ദ സ്പൈറൽ, ഫോറിൻ ബോഡി, എ ഇയർ ഓഫ് ദ ക്വയറ്റ് സൺ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അതേസമയം, 1998ൽ ഇടതു സർക്കാരിന്റെ കാലത്തു നടന്ന ഐ.എഫ്.എഫ്.കെയിൽ സനൂസി പങ്കെടുത്തിരുന്നു. അന്നത്തെ ചലച്ചിത്രമേളയിലെ സനൂസിയുടെ സാന്നിധ്യവും വിവാദമായിരുന്നു. ഓപ്പൺ ഫോറത്തിൽ സനൂസിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾക്കെതിരെ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള രൂക്ഷമായ വിമർശനമുയർത്തിയത് വലിയ ചർച്ചയായിരുന്നു.
എന്നാൽ, ഇടതുപക്ഷ സർക്കാർ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ പ്രകാശനമാണ് സനൂസിക്കുള്ള പുരസ്കാരം എന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറയുന്നത്. ക്രിസ്റ്റോഫ് സനൂസിക്ക് പുരസ്‌കാരം നൽകുന്നത് ലോകചലച്ചിത്രചരിത്രത്തിലെ ക്‌ളാസിക്കുകൾ എന്നു തന്നെ വിശേഷിപ്പിക്കാനാവുന്ന സിനിമകളുടെ സംവിധായകൻ എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമോ വിശ്വാസമോ നിലപാടുകളോ അല്ല ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം.
ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാവാം. നിലവിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാവാം. അത് ഒരു മനുഷ്യൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമായതിനാൽ അതിനെ മാനിക്കുന്നു. ഐ.എഫ്.എഫ്.കെയിലെ പരമോന്നത പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുക്കുമ്പോൾ ചലച്ചിത്ര അക്കാദമി പരിഗണിച്ചത് ജീവിതം, മരണം, ധാർമ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാർധക്യം എന്നീ പ്രമേയങ്ങളെ അസാമാന്യമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ച ലോകചലച്ചിത്രാചാര്യൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഭാവിശേഷം മാത്രമാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പറയുന്നു.