ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ ഈ രണ്ട് രാജ്യങ്ങളില്‍ പോകാന്‍ ചൈനക്കാര്‍ക്ക് ഭയം; യാത്രികരുടെ എണ്ണം കുത്തനെ കുറയുന്നു
ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ രണ്ട് സ്ഥലങ്ങളാണ് ജപ്പാനും തായ്‌ലൻഡും. എന്നാൽ, സമീപകാലത്ത് ഇവിടേക്കെത്തുന്ന ചൈനീസ് യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപെപ്പടുത്തി. ചെറുപ്പക്കാരായ ചൈനീസ് യാത്രികര്‍ക്കുള്ള സുരക്ഷ ആശങ്കയാണ് ഇവിടേക്ക് എത്തുന്ന ചൈനീസ് യാത്രികരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വർഷമാദ്യം ചൈനീസ് ഹോളിഡേ മേക്കർമാർക്ക് ഇരു രാജ്യങ്ങളും മുൻനിര തിരഞ്ഞെടുപ്പുകളായിരുന്നുവെങ്കിലും മൂന്നാം പാദത്തിൽ തായ്‌ലൻഡ് 6 ആം സ്ഥാനത്തും ജപ്പാൻ 8 ആം സ്ഥാനത്തും എത്തി. ചൈനീസ് യാത്രാ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റിംഗ് കമ്പനിയായ ചൈന ട്രേഡിംഗ് ഡെസ്ക് നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.
നിലവില്‍ ദക്ഷിണ കൊറിയയും മലേഷ്യയും ഓസ്‌ട്രേലിയയുമൊക്കെയാണ് ചൈനക്കാര്‍ അടുത്ത വര്‍ഷം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍. ഭക്ഷ്യ സുരക്ഷയാണ് ജപ്പാനില്‍ ചൈനക്കാരെ ആശങ്കപ്പെടുത്തുന്ന ഘടകം. ജപ്പനിലെ ഫുക്കിഷിമ ആണവ നിലയത്തില്‍ നിന്നുള്ള മലിന ജലം പസഫിക് സമുദ്രത്തിലേക്ക് പുറന്തള്ളിയത് ചൈനക്കാരുടെ ആശങ്കയുടെ കാരണങ്ങളിലൊന്നാണ്. ജപ്പാനിലെ കടല്‍വിഭവങ്ങള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭക്ഷ്യസുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ചൈനീസ് യാത്രികര്‍ക്ക് ആശങ്ക മാറുന്നില്ല.
തട്ടിപ്പിനും അക്രമങ്ങള്‍ക്കും ഇരയാകുമോ എന്ന ആശങ്കയാണ് ചൈനക്കാരെ തായ്‌ലന്‍ഡില്‍ നിന്നും അകറ്റുന്നത്. സമീപകാലങ്ങളില്‍ പുറത്തിറങ്ങിയ പല ചൈനീസ് സിനിമകളിലും തായ്‌ലന്‍ഡിനെ ഒരു അധോലോകമായി ചിത്രീകരിച്ചതാണ് ഈ ഭയത്തിന്റെ പ്രധാന കാരണം. മയക്കുമരുന്നും പിടിച്ചുപറിയും വന്യജീവി വ്യാപാരവുമെല്ലാമുള്ള അരാജകത്വം നിലനില്‍ക്കുന്ന ഇരുണ്ട ഇടങ്ങളായി തായ്‌ലന്‍ഡിനെ സങ്കല്‍പ്പിച്ചതിനാല്‍ ഇങ്ങോട്ട് യാത്ര ചെയ്യാന്‍ ചൈനീസ് യുവത്വം മടിക്കുകയാണ്.