‘ഞാൻ ഹിന്ദുവാണ്, ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു’: വിവേക് രാമസ്വാമി



റിപ്പബ്ലിക്കൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് ​​രാമസ്വാമി തന്റെ വിശ്വാസത്തെ കുറിച്ച് മനസ് തുറന്നു. താനൊരു ഹിന്ദുവാണെന്നും യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു. അയോവയിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിവേക് രാമസ്വാമി. തന്റെ ഭാര്യയുടെ ആദ്യത്തെ ഗർഭം അലസിയതിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. തന്റെ ഭാര്യ അപൂർവയ്ക്ക് മൂന്നര മാസം ഉള്ളപ്പോഴായിരുന്നു അബോർഷൻ ആയതെന്ന് അദ്ദേഹം പറയുന്നു.

തങ്ങളുടെ ആദ്യ കുഞ്ഞിന്റെ നഷ്ടം ഇവരെ ഏറെ തളർത്തി. രണ്ടാമതൊരു കുഞ്ഞ് എന്നത് ഇവർക്ക് ഭയമായിരുന്നു. ഗർഭിണിയായാൽ അലസിപ്പോകുമോ എന്ന ഭയം രണ്ടുപേരെയും പിടികൂടിയിരുന്നു. എന്നിരുന്നാലും, കുറച്ച് വർഷങ്ങൾക്ക് ശേഷം യുവതി വീണ്ടും ഗർഭിണിയാവുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു. സന്തോഷവും ആത്മവിശ്വാസവും തനിക്കുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസി ആയിരിക്കുന്നതിന്റെ ഗുണത്തെ കുറിച്ചും വിവേക് രാമസ്വാമി മനസ് തുറന്നു. ഹിന്ദു വിശ്വാസമാണ് തന്നെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.

‘എന്റെ വിശ്വാസമാണ് എനിക്ക് എന്റെ സ്വാതന്ത്ര്യം നൽകുന്നത്. എന്റെ വിശ്വാസമാണ് എന്നെ ഈ പ്രസിഡൻഷ്യൽ കാമ്പെയ്‌നിലേക്ക് നയിച്ചത്. ഞാൻ ഒരു ഹിന്ദുവാണ്. ഒരു യഥാർത്ഥ ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം നമ്മളെ ഓരോരുത്തരെയും ഒരു ലക്ഷ്യത്തിനായി ഇവിടെ എത്തിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസം ആ ഉദ്ദേശ്യം സാക്ഷാത്കരിക്കാനുള്ള കടമയും ധാർമികമായ കടമയുമുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നു. അവ നമ്മിലൂടെ വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ഉപകരണങ്ങളാണ്, പക്ഷേ നമ്മൾ ഇപ്പോഴും തുല്യരാണ്, കാരണം ദൈവം നമ്മിൽ ഓരോരുത്തരിലും വസിക്കുന്നു. അതാണ് എന്റെ വിശ്വാസത്തിന്റെ കാതൽ’, അദ്ദേഹം പറഞ്ഞു.