റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടാർ ഷെല്ലുകൾ; ഗാസയിലെ സ്‌കൂളുകളിൽ വൻ ആയുധ ശേഖരം – വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം


വടക്കൻ ഗാസയിലെ ഒരു കിന്റർഗാർട്ടനിലും ഒരു പ്രാഥമിക വിദ്യാലയത്തിലും ഐഡിഎഫ് സൈന്യം ആർപിജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. സ്‌കൂളുകളിൽ നിന്ന് ഹമാസിന്റെ ആയുധശേഖരങ്ങൾ പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഐഡിഎഫ് ഓപറേഷനിടെ ഗാസയിലെ ചെറിയ കുട്ടികൾ പഠിക്കുന്ന കിൻഡർഗാർട്ടൻ സ്‌കൂളുകളിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ഇസ്രായേൽ പ്രതിരോധസേന പുറത്തുവിട്ടു.

‘ആർ‌പി‌ജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും ഐ‌ഡി‌എഫ് സൈനികർ ഒരു കിന്റർഗാർട്ടനിലും വടക്കൻ ഗാസയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലും കണ്ടെത്തി. കിന്റർഗാർട്ടനുകളിൽ മാരകമായ ആയുധങ്ങളല്ല, കളിപ്പാട്ടങ്ങൾ ആണ് സൂക്ഷിക്കേണ്ടത്’, ഇസ്രായേൽ പ്രതിരോധ സേന എക്‌സിൽ തങ്ങളുടെ റെയ്ഡിന്റെ വീഡിയോ പങ്കിട്ടു. ഒരു കെട്ടിടത്തിന്റെ ഇടുങ്ങിയ മൂലയിൽ മോർട്ടാർ ഷെല്ലുകൾ അടുക്കിയിരിക്കുന്നത് വീഡിയോയിൽ കാണാം. സ്‌കൂളിൽ നിന്ന് പിടിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകളുടെയും വെടിക്കോപ്പുകളുടെയും ഫോട്ടോകൾ മറ്റൊരു പോസ്റ്റിൽ ഉണ്ടായിരുന്നു.

സായുധ പ്രവർത്തനങ്ങൾക്കായി സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ഇസ്രയേൽ ആരോപിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അൽ ശിഫ ആശുപത്രിയിൽ ഹമാസുകാരുടെ ഭൂഗർഭതാവളം കണ്ടെത്തിയെന്ന് ഇസ്രയേൽ സേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അൽ ഖുദ്സ് ആശുപത്രിയിൽ വൻ ആയുധശേഖരവും കണ്ടെത്തി. ഒക്ടോബർ ഏഴിന്റെ ആക്രമണത്തിനുവേണ്ടി തയ്യാറാക്കിയ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനവും പിടിച്ചെടുത്തു. ഈ മൂന്ന് ആശുപത്രികളെയും കവചമാക്കി ഹമാസ് യുദ്ധം ചെയ്യുകയായിരുന്നെന്ന് സൈന്യം എക്‌സിലൂടെ ആരോപിച്ചു.

അതേസമയം, ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ റെയ്ഡ് അകത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണെന്ന് പലസ്തീൻ ആരോപിച്ചു. ഇസ്രായേൽ സൈനികർ ആശുപത്രിയിൽ അഭയം പ്രാപിച്ച ചില പുരുഷന്മാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ആക്രമിച്ചതായി അൽ-ഷിഫയിലെ എമർജൻസി റൂം ജീവനക്കാരൻ ഒമർ സഖൗട്ട് അൽ ജസീറയോട് പറഞ്ഞു.