പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് അധ്യാപകനെ തലയറുത്തുകൊന്ന കേസ്: ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷ
അധ്യാപകനായ സാമുവൽ പാറ്റിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് കൗമാരക്കാരെ ശിക്ഷിച്ച് ഫ്രാൻസ്. മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകനെ തലയറുത്തുകൊലപ്പെടുത്തിയ സംഭവം രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൊലപാതകം നടത്തിയ ചെചന്‍ വംശജന്‍ അബ്ദൊല്ല അന്‍സൊറോവ് അന്നുതന്നെ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. അന്‍സൊറോവിന് പാറ്റിയെ കാണിച്ചുകൊടുക്കുകയും കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത ആറ് വിദ്യാര്‍ഥികളെയാണ് ഇപ്പോൾ ശിക്ഷിച്ചിരിക്കുന്നത്. 14 മാസം മുതൽ രണ്ട് വർഷം വരെയാണ് ശിക്ഷ.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിൽ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ചതിന് പിന്നാലെയാണ് സ്‌കൂളിന് പുറത്ത് വെച്ച് പാറ്റി കൊല്ലപ്പെടുന്നത്. ക്ലാസിലുണ്ടായിരുന്ന ചില മുസ്‍ലിം വിദ്യാര്‍ഥികള്‍ പാറ്റിയെ കുറിച്ചും പാറ്റി എടുത്ത ക്ലാസിനെ കുറിച്ചും വീട്ടില്‍ പറഞ്ഞു. പിന്നീട് പാറ്റിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിഡിയോകളും ഭീഷണി സന്ദേശങ്ങളും പ്രചരിക്കുകയും ചെയ്തിരുന്നു. അന്‍സൊറോവിന് പാറ്റിയെ കാണിച്ചുകൊടുത്തപ്പോള്‍ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്നാണ് വിദ്യാർത്ഥികൾ നൽകിയ മൊഴി. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. അന്ന് 14ഉം 15ഉം വയസ്സുള്ള വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
അക്രമാസക്തമായ ഒരു സംഘത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. കാരിക്കേച്ചറുകള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മുസ‍്‍ലിം വിദ്യാര്‍ഥികള്‍ പുറത്തുപോകാന്‍ സാമുവല്‍ പാറ്റി ആവശ്യപ്പെട്ടുവെന്ന് കള്ളം പറഞ്ഞ വിദ്യാര്‍ഥിനിക്ക് 18 മാസം ജയില്‍ ശിക്ഷയില്ലാത്ത തടവ് വിധിച്ചു. വ്യാജ ആരോപണം ഉന്നയിക്കുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനാണ് ശിക്ഷ. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുതിർന്ന എട്ട് പേർക്കായി അടുത്ത വർഷം രണ്ടാമത്തെ വിചാരണ ആരംഭിക്കും. വിചാരണ നേരിടുന്ന 13 വയസ്സുകാരിയുടെ പിതാവ് ബ്രാഹിം ചിനയും ഇവരിൽ ഉൾപ്പെടുന്നു.