വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചെലവ് ഉയര്‍ത്തി കാനഡ; കാനഡയിൽ പോകുന്ന വിദ്യാർത്ഥികളുടെ അക്കൗണ്ടില്‍ കരുതേണ്ടത് ഇരട്ടി


കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് പുതിയ അറിയിപ്പുമായി രാജ്യം. 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ജീവിത ചിലവിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും ഇമിഗ്രേഷന്‍ കാനഡ അറിയിച്ചു.

പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയാണ് പുതിയ തീരുമാനം. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി 10,000 ഡോളര്‍ അഥവാ 6,34,068 രൂപ ആയിരുന്നു വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ജീവിത ചിലവിനായി കണക്കാക്കിയിരുന്നത്. 2024 ജനുവരി മുതല്‍ ഇത് 20,635 ഡോളറായി ഉയര്‍ത്തും. അതായത് ഇരട്ടി. ഏകദേശം 12,66,125 രൂപയാണ് വിദ്യാര്‍ത്ഥികള്‍ അടുത്ത വർഷം മുതൽ അക്കൗണ്ടില്‍ കരുതേണ്ടത്. ട്യൂഷന്‍ ഫീസിനും യാത്രാ ചിലവിനും പുറമേ കണ്ടെത്തേണ്ട തുകയാണിത്.

പഠന പെര്‍മിറ്റിന് ഉള്‍പ്പെടെയുള്ള ഫീസ് നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 3.19 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ‘ഞങ്ങൾ ജീവിതച്ചെലവ് പരിധി പരിഷ്കരിക്കുന്നു, അതുവഴി അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഇവിടുത്തെ ജീവിതച്ചെലവ് മനസ്സിലാക്കാനാകും. കാനഡയിലെ അവരുടെ വിജയത്തിന് ഈ നടപടി പ്രധാനമാണ്’, ഇമിഗ്രേഷൻ, അഭയാർഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.