ലൈവ് പരിപാടിക്കിടെ ഹൃദയാഘാതം; ഗായകന്‍ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു


ലൈവ് സംഗീത പരിപാടിക്കിടെ ബ്രസീലിയന്‍ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. പെദ്രോ ഹെന്‍ട്രിക്കെന്ന 30 കാരനായ ബ്രസീലിയൻ ഗായകൻ ആണ് മരിച്ചത്. വടക്കുകിഴക്കൻ നഗരമായ ഫെയ്‌റ ഡി സാന്റാനയിൽ ഒരു മതപരമായ പടിപാടിക്ക് പാടവെയായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ഗായകൻ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുവിശേഷ പ്രചാരകനായ പെദ്രോയുടെ പരിപാടി ആയിരങ്ങള്‍ ഓണ്‍ലൈനായും കണ്ടുകൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്.

പെദ്രോയുടെ തന്നെ ഹിറ്റ് ഗാനമായ വാ സേ തോ ലിന്‍ഡോ പാടുന്നതിനിടെ നിലതെറ്റി പിന്നാക്കം വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ‘എല്ലാ വിശദീകരണങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകുമെന്നും അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായ’തെന്നുമാണ് പെദ്രോയുടെ മരണം അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ബാന്‍ഡായ ടൊഡാ മ്യൂസിക് പറഞ്ഞത്. ഹൃദയസ്പര്‍ശിയായ വരികള്‍ കൊണ്ടും ശബ്ദം കൊണ്ടും ബ്രസീലിയന്‍ ക്രിസ്ത്യന്‍ സംഗീതജ്ഞരിലും ഗായകരിലും പ്രശസ്തനായിരുന്നു പെദ്രോ.