ദാവൂദിനെ പ്രവേശിപ്പിച്ച ആശുപത്രിയുടെ ഒരു ഫ്ലോർ മുഴുവൻ ഒഴിപ്പിച്ചു: അതീവ സുരക്ഷ, പാകിസ്ഥാനിൽ ഇന്റർനെറ്റ് നിരോധിച്ചു


കറാച്ചി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന്‍ സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദാവൂദ് അതീവ ഗുരുതരാവസ്ഥയിലാണെന്നും മരിച്ചെന്നും അഭ്യൂഹമുണ്ട്. ദാവൂദിനെ പ്രവേശിപ്പിച്ചിരിക്കുന്ന ഒരു ഫ്ലോർ മുഴുവൻ ഒഴിപ്പിച്ചെന്നും, അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും വാർത്തകൾ ഉണ്ട്. എന്നാൽ പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ദാവൂദിന്റെ ഉള്ളിൽ വിഷം എത്തിയത് എങ്ങനെ എന്ന കാര്യം അജ്ഞാതമാണ്. ആരെങ്കിലും ബോധപൂർവം അയാളുടെ ഭക്ഷണത്തിലോ മറ്റോ വിഷം കലർത്തിയതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിന്റെ വിശദ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ് പാകിസ്താനില്‍ കഴിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ചില ചിത്രങ്ങളും മുമ്പ് പുറത്തുവന്നിരുന്നു.