ഭൂമിക്കടിയിൽ 4 കിലോമീറ്റർ നീളമുള്ള തുരങ്കം, ഹൈടെക് സംവിധാനങ്ങൾ; ഹമാസിന്റെ വമ്പൻ തുരങ്കം കണ്ടെത്തി ഇസ്രയേല്‍ – വീഡിയോ


ഗാസ: വെടിനിർത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ അവഗണിച്ച് ഗാസയിൽ ആക്രമണം നടത്തുന്നതിനിടെ വിശാലമായ ഹമാസ് തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഹമാസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ തുരങ്കമാണ് ഇന്നലെ കണ്ടെത്തിയത്. ഈറസിലെ അതിർത്തിക്കടുത്തതാണ് ഈ തുരങ്കമുള്ളത്. ചെറിയ വാഹനങ്ങൾക്ക് കയറി പോകാൻ കഴിയുന്ന താരത്തിലുള്ളവയാണ് ഈ തുരങ്കം. വാർത്താ ഏജൻസിയായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ഡോളറാണ് തുരങ്കത്തിന് ചെലവായതെന്നും നിർമ്മാണത്തിന് വർഷങ്ങളെടുത്തെന്നും ഇസ്രായേൽ പറഞ്ഞു. തുരങ്കത്തിലിനുള്ളിൽ റെയിലുകൾ, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ ശൃംഖല തുടങ്ങി എല്ലാ ഹൈടെക് സംവിധാനങ്ങളും ഉണ്ട്. നാല് കിലോമീറ്റർ നീളമാണ് തുരങ്കത്തിനുള്ളത്. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്. തുരങ്കത്തിന്റെ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി.

‘ഈ കൂറ്റൻ തുരങ്ക സംവിധാനം നാലു കിലോമീറ്ററിലധികം (2.5 മൈൽ) പരന്നുകിടക്കുന്നു. എറെസ് ക്രോസിംഗിൽ നിന്ന് 400 മീറ്റർ (1,310 അടി) മാത്രം അകലെയാണ് ഇതിന്റെ പ്രവേശന കവാടം സ്ഥിതിചെയ്യുന്നത്. ഇസ്രായേലി ആശുപത്രികളിലെ ജോലിക്കും വൈദ്യചികിത്സയ്ക്കുമായി ഇസ്രായേലിൽ പ്രവേശിക്കുന്നതിന് ഗാസക്കാർ ദിവസേന ഉപയോഗിക്കുന്ന സ്ഥലമാണ് എറെസ് ക്രോസിംഗ്. ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ സഹോദരനും ഹമാസിന്റെ ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡറുമായ മുഹമ്മദ് സിൻവാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനം’, ഇസ്രായേൽ പറഞ്ഞു.

നിരവധി ശാഖകളും ജങ്ഷനുകളും ഉള്ള ഈ തുരങ്കത്തിലൂടെ ഇസ്രയേലിലേക്ക് കടക്കാനാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലാണ് തുരങ്കമുള്ളത്. തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്‌ഫോടനമടക്കം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളുണ്ട്. ഇത് ഇസ്രയേല്‍ സൈന്യം പ്രവേശിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചിട്ടുള്ളതാകാമെന്നും ഐഡിഎഫ് വ്യക്തമാക്കി. ഹമാസിന്റെ മറ്റു തുരങ്കങ്ങളില്‍ ഉപയോഗിക്കാത്ത തരത്തിലുള്ള സംവിധാനങ്ങളാണ് ഈ തുരങ്കത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഐഡിഎഫ് പറയുന്നു.