കടുത്ത ഇന്ത്യാവിരുദ്ധനായ ലഷ്കർ നേതാവും ഭീകരവാദി റിക്രൂട്ടറുമായ ഭോലാ ഖാനെ അജ്ഞാതൻ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: ലഷ്കർ ഇ ത്വയിബ നേതാവും ഭീകരവാദി റിക്രൂട്ടറുമായ ഭോലാ ഖാൻ എന്ന് വിളിക്കുന്ന ഹബീബുള്ളയെ അജ്ഞാതൻ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. സമൂഹ മാധ്യമമായ എക്‌സിൽ ആണ് ഇത് പ്രചരിക്കുന്നത്. കടുത്ത ഇന്ത്യാ വിരുദ്ധനായ മുൻ പാക് പാർലമെന്റ് അംഗം ദവർ ഖാൻ കുന്ദിയുടെ അടുത്ത ബന്ധുവാണ് ഭോലാ ഖാൻ.
ഭോലാ ഖാന്റെ വധത്തെ തുടർന്ന് ഭയചകിതനായ ദവർ ഖാൻ കുന്ദി തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് പാക് സർക്കാരിനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ അധോലോക നായകനും അന്താരാഷ്ട്ര ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.
ദാവൂദിന്റെ ഉള്ളിൽ വിഷം എത്തിയത് എങ്ങനെ എന്ന കാര്യം അജ്ഞാതമാണ്. ആരെങ്കിലും ബോധപൂർവം അയാളുടെ ഭക്ഷണത്തിലോ മറ്റോ വിഷം കലർത്തിയതാകാമെന്നാണ് സംശയിക്കപ്പെടുന്നത്.
അതേസമയം അജ്ഞാത കാരണങ്ങളാൽ പാകിസ്താനിൽ കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമാണ്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹിക മാദ്ധ്യമങ്ങൾ മിക്കവർക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ല. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച വെർച്വൽ യോഗം ഇന്ന് നടക്കാനിരിക്കെ പാകിസ്താനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത് ദുരൂഹമാണെന്നാണ് ആരോപണങ്ങൾ ഉയരുന്നത്.