തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ, പ്രളയത്തില്‍ മുങ്ങി ജനവാസ കേന്ദ്രങ്ങള്‍: നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍


ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു വര്‍ഷം ആകെ കിട്ടുന്ന മഴ ഒറ്റ ദിവസം കൊണ്ടാണ് തിരുനല്‍വേലിയില്‍ പെയ്തിറങ്ങിയത്. തിരുനെല്‍വേലി ജംഗ്ഷനും റെയില്‍വേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തില്‍ മുങ്ങി. കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികള്‍ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകള്‍ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി.

തൂത്തുക്കുടിയില്‍ കളക്ടറേറ്റ് റോഡില്‍ അടക്കം വെള്ളക്കെട്ട് രൂപപ്പേട്ടത്തോടെ ഗതാഗതം താറുമാറായി. ഈ രണ്ട് ജില്ലകള്‍ക്ക് പുറമെ തെങ്കാശി, കന്യാകുമാരി, വിരുദ് നഗര്‍, മധുര, തേനി ജില്ലകളിലും നാളെ പുലര്‍ച്ചെ വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി, വിവേകാനന്ദ പാറ അടക്കം തെക്കന്‍ തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. റെയില്‍വേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെല്‍വേലി വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്.