കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിയിൽ ഗവേഷണ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. ഒരു വർഷത്തേക്കാണ് ഗവേഷണ കപ്പലുകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി അറിയിച്ചു. ഗവേഷണങ്ങളിൽ ശ്രീലങ്കയുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സർക്കാറിന്റെ തീരുമാനം ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സാബ്രി വ്യക്തമാക്കി.
ശ്രീലങ്കൻ തുറമുഖങ്ങളിൽ ചൈനീസ് നിരീക്ഷണ കപ്പലുകൾ അടുപ്പിക്കുന്നതിനുള്ള അപേക്ഷകൾ നിരന്തരമായി സർക്കാറിന് ലഭിക്കുന്നുണ്ട്. ഗവേഷണത്തിനെന്ന പേരിലാണ് ഈ കപ്പലുകൾ ശ്രീലങ്കൻ സമുദ്രപരിധിയിൽ എത്തുന്നത്. എന്നാൽ, ഇവ ചൈനയുടെ ചാരക്കപ്പൽ ആകാമെന്ന് ഇന്ത്യ ഇതിന് മുൻപ് ആശങ്ക ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയുടെ പുതിയ തീരുമാനം. ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകളടക്കം ചോർത്താൻ ശേഷിയുള്ള സജ്ജീകരണങ്ങളാണ് ചൈനീസ് കപ്പലുകളിൽ ഉള്ളത്. അതേസമയം, ഇന്ത്യയുടെ എതിർപ്പ് മറികടന്ന് കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് ഗവേഷണ കപ്പൽ കൊളംബോ തീരത്ത് അടുപ്പിക്കാൻ ശ്രീലങ്ക അനുമതി നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചത്.