ഹൈദരാബാദ്: ക്രിസ്മസ് ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയ ആന്ധ്രാപ്രദേശ് അമല്‍പുരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്‌സാസില്‍ ചൊവ്വാഴ്ചയാണ് സംഭവം.
മരിച്ച ആറുപേരും ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍സിപി മുമ്മദിവരം എംഎല്‍എ പൊന്നട വെങ്കട സതീഷ്‌കുമാറിന്റെ കുടുംബാംഗങ്ങളാണ്. പി. നാഗേശ്വര റാവു, സീതാ മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച ഒരാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ലോകേഷിനെ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടെക്‌സാസിലെ ബന്ധുവിന്റെ വീട്ടിലെത്തിയ കുടുംബം, മൃഗശാലയില്‍ പോയി തിരിച്ചുവരും വഴിയാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തെറ്റായ ദിശയില്‍വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. രണ്ട് ട്രക്ക് ഡ്രൈവര്‍മാരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.