ലണ്ടൻ:ഹൃദ്രോഗികൾ കഴിക്കുന്ന ബീറ്റാ ബ്ലോക്കർ ഗുളിക കൊണ്ട് ഹൃദ്രോഗത്തിനു യാതൊരു കുറവും ഉണ്ടാവില്ലെന്ന് ഗവേഷണ റിപ്പോർട്ട്. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയത്. ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിനും രക്ത സമ്മർദ്ദം കുറയ്ക്കാനായി നൽകുന്ന ബീറ്റാ ബ്ലോക്കറുകൾ കഴിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നും ഇതുമൂലം രോഗികൾക്ക് മരുന്നിന്റെ പാർശ്വ ഫലം മൂലം കൂടുതൽ ക്ഷീണിതരാവുമെന്നുമാണ് പഠന റിപ്പോർട്ട്.
ബീറ്റാ ബ്ലോക്കറുകൾ കഴിക്കുന്ന രോഗിയും യാതൊരു മരുന്നും കഴിക്കാത്ത രോഗിയും ഒരേ കാലഘട്ടത്തിൽ മരിക്കുന്നതാണ് ഗവേഷകർ കണ്ടെത്തി. രോഗികൾക്ക് പണനഷ്ടം മാത്രമേ ഈ ഗുളികകൾ നൽകുന്നുള്ളൂ എന്നാണ് ഇവർ പറയുന്നത്. ഹൃദയ സ്തംഭനം ഇല്ലാതിരുന്നവരിൽ നടത്തിയ പരീക്ഷണത്തിൽ ഹൃദയാഘാതത്തിന് യാതൊരു കുറവും ഈ ഗുളികകൾ നൽകുന്നില്ല. എന്നാൽ ഹൃദയാഘാതം വന്നിട്ടുള്ളവരിൽ ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇനിയും പഠനം നടക്കുകയാണ്.
ഒരുവർഷം നടത്തിയ പഠനത്തിന് വേണ്ടി 1,79,000 പേരെയാണ് ഗവേഷകർ തിരഞ്ഞെടുത്തിരുന്നത്. പുതിയ കണ്ടെത്തൽ അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബീറ്റാ ബ്ലോക്കർ ഗുളിക കഴിച്ചവരും അല്ലാത്തവരും ഒരേ പോലെയാണ് മരിക്കുന്നതെന്നും ഗുളിക കഴിക്കുന്നത് മൂലം യാതൊരു വിധ ഗുണവും രോഗികൾക്ക് കിട്ടുന്നില്ലെന്നും കണ്ടെത്തിയാതായി ഡോക്ടർ മാർലോസ് ഹാൾ പറഞ്ഞു.