’12 മുന്തിരി കഴിക്കുക, പാത്രം പൊട്ടിക്കുക’: ചില വിചിത്ര ന്യൂ ഇയർ ആചാരങ്ങള്‍


പുതുവത്സര ആഘോഷത്തിമിര്‍പ്പിലാണ് ലോകമെങ്ങും. ഇന്ന് അര്‍ദ്ധ രാത്രിയോടെ ഒരു പുത്തന്‍ വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഇതിനിടെ പുതുവർഷത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. മറ്റ് രാജ്യങ്ങൾ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. 2024 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 31ന് പുതുവര്‍ഷരാവ് ആഘോഷിക്കാനായി എല്ലാവരും ഒത്തുകൂടുന്നു. ക്ലോക്കില്‍ അര്‍ദ്ധരാത്രി 12 അടിക്കുന്നതോടെ പാര്‍ട്ടികളും പടക്കങ്ങളുമായി ലോകമെമ്പാടും ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങളും വിവിധ രാജ്യങ്ങളും അവരുടേതായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതുപോലെ തന്നെയാണ് പുതുവത്സരം ആഘോഷിക്കുന്നതും. ചിലർ ചില പാത്രങ്ങൾ തകർക്കുന്നതിൽ വിശ്വസിക്കുമ്പോൾ, മറ്റുള്ളവർ ഭാഗ്യം പറയുന്ന അടിവസ്ത്രങ്ങളിൽ വിശ്വസിക്കുന്നു. ഈ പുതുവർഷ വേളയിൽ ലോകമെമ്പാടുമുള്ള വിചിത്രവും അസാധാരണവുമായ ചില ആചാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

സ്‌പെയിൻ – ഭാഗ്യം കൊണ്ടുവരുന്ന 12 മുത്തിരികൾ:

സ്പെയിനിൽ, സമൃദ്ധി ഉറപ്പാക്കാൻ അർദ്ധരാത്രി വരെ ക്ലോക്കിലെ ഓരോ പണിമുഴക്കത്തിനും 12 മുന്തിരിപ്പഴം കഴിക്കുന്നതാണ് ഒരു പുതുവത്സര പാരമ്പര്യം. നിങ്ങൾക്ക് അവ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, വരുന്ന വർഷം മുഴുവൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും എന്നാണ് സ്‌പെയിനിൽ ഉള്ളവർ വിശ്വസിക്കുന്നത്. മുന്തിരിയുടെ രുചി – മധുരമോ പുളിയോ ആകട്ടെ – പുതിയ വർഷം ഭാഗ്യം കൊണ്ടുവരുമെന്ന് അത് പ്രവചിക്കുന്നു.

ഡെന്‍മാര്‍ക്ക് – പാത്രങ്ങള്‍ തകര്‍ക്കുന്നു:

പാത്രങ്ങള്‍ തകര്‍ക്കുന്നത് സാധാരണയായി നശീകരണ പ്രവര്‍ത്തിയായി കണക്കാക്കപ്പെടുമ്പോള്‍, ഡാനിഷ് ജനതയ്ക്ക് അതൊരു ആചാരമാണ്. പുതുവത്സരാഘോഷത്തില്‍ ഡെന്‍മാര്‍ക്കിലെ ആളുകള്‍ അവരുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും വാതില്‍പ്പടിയില്‍ പാത്രങ്ങള്‍ പൊട്ടിച്ചിടുന്നത് ഒരു പാരമ്പര്യമാണ്. വലിയ കഷ്ണം പൊട്ടുന്നതിലൂടെ പുതുവര്‍ഷത്തില്‍ കൂടുതല്‍ ഭാഗ്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇക്വഡോര്‍ – പ്രതിമകളെ കത്തിക്കുന്നു:

ഇക്വഡോറിലെ ആളുകള്‍ പുതുവത്സരാഘോഷത്തില്‍ അര്‍ദ്ധരാത്രിയില്‍ പഴയ വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന പ്രതിമകള്‍ കത്തിക്കുന്നു. കഥാപാത്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങള്‍ വരെ പ്രതിമകള്‍ പല രൂപങ്ങളിലാക്കി ഇവര്‍ പുതുവര്‍ഷ രാത്രിയില്‍ കത്തിക്കുന്നു.

തെക്കേ അമേരിക്ക – നിറമുള്ള അടിവസ്ത്രം ധരിക്കുന്നു:

ലാറ്റിന്‍ അമേരിക്കയിലുടനീളം, പുതുവത്സരാഘോഷത്തില്‍ ധരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം വളരെ പ്രധാനമാണ്. പെറു, ചിലി, ഇക്വഡോര്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ മഞ്ഞ അടിവസ്ത്രം ധരിക്കുന്നതിലൂടെ പുതുവത്സരത്തില്ഡ നല്ല ഭാഗ്യം കൈവരുത്തുമെന്നാണ്. സ്‌നേഹം ആഗ്രഹിക്കുന്ന ഒരാള്‍ ചുവപ്പ് ധരിക്കണം, അതേസമയം ആരെങ്കിലും സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ പച്ച അടിവസ്ത്രം ധരിക്കണം.

ദക്ഷിണാഫ്രിക്ക – ഫര്‍ണിച്ചറുകള്‍ എറിയുന്നു:

പുതുവര്‍ഷ ആചാരത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ ആളുകള്‍ വീടുകളില്‍ നിന്ന് പഴയ ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചെറിയുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് – ഐസ്‌ക്രീമുകള്‍ തറയിലിടുന്നു സ്വിസ് ജനത പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത് ഐസ്‌ക്രീമുകള്‍ തറയില്‍ കളഞ്ഞാണ്.