വൻ ഭൂരിപക്ഷത്തിൽ നാലാം തവണയും ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിൽ


ധാക്ക: ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് ഹസീന. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആകുന്നത്.

300 പാർലമെന്റ് സീറ്റുകളിൽ 223 സീറ്റുകളാണ് അവാമി ലീഗ് പാർട്ടി നേടിയത്. അർദ്ധരാത്രി ആയിട്ടും വോട്ടെണ്ണൽ അവസാനിച്ചിരുന്നില്ല. വോട്ടെണ്ണൽ പൂർത്തിയായ ശേഷം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയ്ക്ക് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നിലവിൽ ഉള്ളത്.

ഗോപാൽഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഷെയ്ഖ് ഹസീന മത്സരിച്ചത്. 1984 മുതൽ ഈ മണ്ഡലത്തിൽ നിന്നാണ് ഷെയ്ഖ് ഹസീന ജനവിധി തേടുന്നത്. എട്ട് തവണ ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2,49,965 വോട്ടുകൾ ആണ് ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ എം നിസാം ഉദ്ദിൻ ലഷ്‌കറിന് 469 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഇന്നലെയായിരുന്നു ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടന്നത്. 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് പോളിംഗ് ആണ് ഇത്. ബംഗ്ലാദേശ് നാഷണൽ പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതാണ് പോളിംഗ് ശതമാനം കുറയാൻ കാരണം.