സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില


സൗദി അറേബ്യൻ എണ്ണ കമ്പനിയായ അരാംകോ (Aramco) എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറച്ചത്. ഇതോടെ സൗദി ക്രൂഡിന്റെ വില 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സൗദിയുടെ പുതിയ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും.

തുടർച്ചയായി ഇതു രണ്ടാം മാസമാണ് സൗദി, അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറയ്ക്കുന്നത്. കഴിഞ്ഞമാസം സൗദി ബാരലിന് 1.5 ഡോളറിന്റെ കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിലേക്കുളള്ള കയറ്റുമതിക്കായി ഈ മാസം ബാരലിന് 2 ഡോളറിന്റെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വില ആകർഷകമാക്കി, വിപണി പിടിക്കാനുള്ള കമ്പനി തന്ത്രങ്ങളുടെ ഭാഗമാണ് സൗദി അറേബ്യയുടെ നടപടിയെന്നു വിദഗ്ധർ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയും, ഇന്ത്യയുമാണ് ഇക്കാര്യത്തിൽ ഏഷ്യയിലെ പ്രധാന വിപണികൾ. 2017 ഓടെ ഷെയ്ൽ ഓയിൽ ഏഷ്യയിലേക്ക് എത്തിയിരുന്നു. ഇതേത്തുടർന്ന് യുഎസിൽ നിന്ന് സൗദി കനത്ത മത്സരമാണ് നേരിടുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശവും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും പുതിയ എണ്ണ വിതരണക്കാർ എത്തിയതുമെല്ലാം സൗദിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ ഉപയോക്താക്കൾ നഷ്ടമായേക്കുമെന്ന ഭയം സൗദിക്കുണ്ട്. വില കുറച്ചതോടെ സൗദി എണ്ണക്ക് ആവശ്യക്കാരേറും. യുക്രൈൻ യുദ്ധത്തെ തുടർന്ന് ഉപരോധം നേരിട്ടതിനെത്തുടർന്ന് റഷ്യൻ എണ്ണയുടെയും വില കുറഞ്ഞിരുന്നു. യുക്രെയ്‌ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ പലതും റഷ്യൻ ബാരലുകൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും റഷ്യയുടെ പക്കൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നു.

യുദ്ധത്തിന് മുമ്പ്, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയിൽ നിന്നും ഉണ്ടായിരുന്നത്. എന്നാൽ റഷ്യ വലിയ വിലക്കുറവ് പ്രഖ്യാപിച്ചതിനു പിന്നാലെ, സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരായി പിന്തള്ളപ്പെടുകയും ചെയ്തു. റഷ്യയുടെ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ഇപ്പോൾ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ് എത്തുന്നത്. ഇപ്പോൾ സൗദിയും കൂടി വില കുറച്ചതോടെ ഇന്ത്യക്ക് വലിയ നേട്ടമാകും ഉണ്ടാകുക.