മൂന്ന് മാസത്തിനിടെ അഫ്‌ഗാനിസ്ഥാനിൽ മൂന്നാമത്തെ വലിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിക്ക് പിന്നാലെ ജമ്മു കശ്മീരിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്. പാകിസ്ഥാനിലും വലിയ തോതിൽ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ മേഖലയിൽ ഏറെ നേരം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. നിലവിൽ, ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് കാബൂളിൽ നിന്ന് 241 കിലോമീറ്റർ വടക്കുകിഴക്കായി അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതനിരയിലാണ് ഉച്ചകഴിഞ്ഞ് 2.50ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മൂന്ന് മാസത്തിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂചലനമാണിത്. അതേസമയം, പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളായ ലാഹോർ, പെഷവാർ, മുസാഫറാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ വസ്തുവകകൾക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന സാഹിബി ബീബി എന്ന സ്ത്രീ തന്റെ അനുഭവം വിവരിച്ചതിങ്ങനെ; ‘ഞാൻ പ്രാർത്ഥനയ്ക്ക് തയ്യാറെടുക്കുകയായിരുന്നു, പെട്ടെന്ന് നിലം കുലുങ്ങുന്നത് അനുഭവപ്പെട്ടു. ഞങ്ങൾ വേഗത്തിൽ ഞങ്ങളുടെ വീട്ടിൽ നിന്ന് ഇറങ്ങി, മറ്റ് ചില ആളുകളും അവരുടെ വീടിന് പുറത്ത് നിൽക്കുന്നത് ഞങ്ങൾ കണ്ടു. മുമ്പ് ശക്തമായ ഭൂകമ്പങ്ങൾ അനുഭവിച്ചതിനാൽ ഇത്തവണ അത് റിക്ടർ സ്കെയിലിൽ 6 ൽ കുറവായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു’.