ഓരോ കുഞ്ഞിനും 62.12 ലക്ഷം രൂപ, 3 കുട്ടികൾ ഉണ്ടെങ്കിൽ വീട്! ജനനനിരക്ക് വർദ്ധിപ്പിക്കാൻ വേറിട്ട ഓഫറുമായി ഈ രാജ്യം
സാമ്പത്തിക മാന്ദ്യവും ജനസംഖ്യാ വർദ്ധനവും പല രാജ്യങ്ങൾക്കും വെല്ലുവിളി ഉയർത്താറുണ്ട്. എന്നാൽ, ജനസംഖ്യ ക്രമാതീതമായി കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ദക്ഷിണ കൊറിയ. ഓരോ വർഷവും കഴിയുംതോറും ദക്ഷിണ കൊറിയയിലെ ജനനനിരക്ക് കുറയുന്നതാണ് ഭരണാധികാരികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇതോടെ, പ്രസവിക്കുന്ന അമ്മമാർക്കായി ആകർഷകമായ പദ്ധതികളാണ് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, ദക്ഷിണ കൊറിയൻ കമ്പനികളും പലതരത്തിലുള്ള തരത്തിലുള്ള വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയായ ബുയങ് ഗ്രൂപ്പ് നൽകുന്ന വമ്പൻ ഓഫറുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. 2021-ന് ശേഷം ജനിച്ച ഓരോ ജീവനക്കാരുടെ കുട്ടിക്കും 100 ദശലക്ഷം വോൺ അതായത് 62.12 ലക്ഷം രൂപയാണ് കമ്പനി നൽകുന്നത്. കൂടാതെ, 3 കുഞ്ഞുങ്ങൾ ഉള്ള കുടുംബത്തിന് വീട് വച്ച് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ വളർത്താനുള്ള സഹായധനമെന്ന നിലയിലാണ് ജീവനക്കാർക്ക് മുൻപാകെ കമ്പനി ഇത്തരം ഓഫറുകൾ വച്ചിരിക്കുന്നത്.
സാമ്പത്തിക ഭാരവും ജോലിയും കുടുംബ ജീവിതവും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് തോന്നിയതോടെയാണ് ദക്ഷിണ കൊറിയൻ ജനത കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്. 2022-ൽ 2.5 ലക്ഷം കുഞ്ഞുങ്ങൾക്ക് മാത്രമാണ് ദക്ഷിണ കൊറിയ ജന്മം നൽകിയത്. നിലവിലെ ജനനനിരക്ക് തുടരുകയാണെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.